ചെന്നൈ : ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് ജയം. ഇന്ത്യയെ 21 റൺസിനാണ് ഓസീസ് പരാജയപ്പെടുത്തിയത്. ജയിക്കാൻ കഴിയുമായിരുന്ന മത്സരത്തിൽ സമ്മർദ്ദത്തിലായി വിക്കറ്റ് വലിച്ചെറിഞ്ഞാണ് ഇന്ത്യ മത്സരം അടിയറവ് വെച്ചത്. ഇതോടെ ടെസ്റ്റ് പരമ്പരയിൽ തോറ്റ ഓസ്ട്രേലിയ ഏകദിന പരമ്പര വിജയിച്ച് പകരം വീട്ടി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49 ഓവറിൽ 269 റൺസെടുത്ത് ഓൾ ഔട്ടായി. നന്നായി തുടങ്ങിയ ഓസീസിനെ മദ്ധ്യ ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ പിടിച്ച് കെട്ടിയതാണ് സ്കോർ കുറയാൻ കാരണമായത്. ഇന്ത്യയ്ക്ക് വേണ്ടി ഹാർദിക് പാണ്ഡ്യയും കുൽദീപ് യാദവും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. ഓസ്ട്രേലിയൻ നിരയിൽ സ്റ്റീവ് സ്മിത്ത് ഒഴിച്ച് എല്ലാവരും ടീമിന് നിർണായകമായ സംഭാവനകൾ നൽകി. ഏഴ് വിക്കറ്റിന് 203 എന്ന നിലയിൽ നിന്നാണ് വാലറ്റത്തിന്റെ പോരാട്ടം ഓസീസിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും മോശമായില്ല. ഓപ്പണിംഗ് ജോഡി 65 റൺസെടുത്ത് നല്ല തുടക്കമാണ് സമ്മാനിച്ചത്. മൂന്നാം വിക്കറ്റിൽ കോഹ്‌ലിയും രാഹുലും തമ്മിലുള്ള കൂട്ടുകെട്ട് പ്രതീക്ഷ നൽകിയെങ്കിലും അധികം നീണ്ടു നിന്നില്ല. അർദ്ധ സെഞ്ച്വറി നേടിയ കോഹ്‌ലി അഞ്ചാമനായി പുറത്തായതിനു ശേഷം വന്ന സൂര്യകുമാർ യാദവ് മൂന്നാം തവണയും ഗോൾഡൻ ഡക്കായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പിന്നീട് ഹാർദിക് പാണ്ഢ്യയും രവീന്ദ്ര ജഡേജയും പൊരുതി നോക്കിയെങ്കിലും ഓസ്ട്രേലിയയുടെ കണിശതയാർന്ന ബൗളിംഗിനെ മറികടക്കാനായില്ല. ഒടുവിൽ ഇന്ത്യൻ സ്കോർ 248 ൽ അവസാനിച്ചു.
ഓസ്ട്രേലിയക്ക് വേണ്ടി ആസം സാമ്പ നാലു വിക്കറ്റും ആഷ്ടൻ അഗർ 2 വിക്കറ്റും വീഴ്ത്തി.
Discussion about this post