വാഷിങ്ടണ്‍: ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ മറ്റു ചില രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് അമേരിക്കയിലേക്കുള്ള യാത്രയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, പോലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തുക. ഇനിമുതല്‍ ചെക്ക് ഇന്‍ ലഗേജായി മാത്രമേ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൊണ്ട് പോകാന്‍ സാധിക്കുകയുള്ളു. എന്നാല്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം ബാധകമല്ല.
എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ അമേരിക്കന്‍ സര്‍ക്കാറോ ഉദ്യോഗസ്ഥരോ തയാറായിട്ടില്ല. റോയല്‍ ജോര്‍ദാന്‍ എയര്‍ലൈന്‍സ് ഇത്തരമൊരു നിര്‍ദ്ദേശം യാത്രക്കാര്‍ക്ക് നല്‍കിയതായാണ് വാര്‍ത്തകള്‍. കുവൈറ്റ്, ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കോ, ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കി, യുഎഇ തുടങ്ങിയ പത്ത് അന്താരാഷ്ട്രാ വിമാനത്താവളങ്ങളിലും ഒമ്പത് എയര്‍ലൈന്‍സിനും ഇത് ബാധകമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലാപ്‌ടോപ്, ഐപാഡ്, ടാബ്‌ലറ്റ്, ക്യാമറ, ഡിവിഡി പ്ലെയര്‍, തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനത്തില്‍ കൊണ്ടു വരുന്നതിനുള്ള വിലക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം നിരോധനത്തെ കുറിച്ച് യുഎസ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
നിരോധനം സംബന്ധിച്ച നിര്‍ദേശം ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ് തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. അമേരിക്കന്‍ വകുപ്പുകളുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് യുഎസിലേക്ക് പോകുന്നതും വരുന്നതുമായ യാത്രക്കാര്‍ക്ക് കൊണ്ട് നടക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിമാനത്തില്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു എന്നായിരുന്നു ട്വീറ്റ്.
ഈ ട്വീറ്റ് പിന്നീട് നീക്കം ചെയ്തു. മൊബൈല്‍ ഫോണും മെഡിക്കല്‍ ഉപകരണങ്ങളും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നു.
അതേസമയം യുഎസ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റും ഇക്കാര്യത്തെ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. പുതിയ പരിഷ്‌കാരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നാണ് ഡിഎച്ച്എസ് വാക്താവ് ഡേവിഡ് ലാപ്പന്‍ അറിയിച്ചത്.
Discussion about this post