സംവിധായകന് വിനയനെ വിലക്കിയതിന് സിനിമാസംഘടനകള്‍ക്ക് പിഴശിക്ഷ. സംവിധായകന് വിനയനെ വിലക്കിയ സംഭവത്തില്‍ കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയാണ് ‘അമ്മ’യ്ക്കും ‘ഫെഫ്ക്ക’യ്ക്കും പിഴ വിധിച്ചത്. അപ്രഖ്യാപിത വിലക്ക് നേരിട്ടതുമായി ബന്ധപ്പെട്ട് വിനയന് നല്കിയ പരാതിയിന്മേലാണ് നടപടി. അഭിനേതാക്കളുടെ സംഘടനയായ അമ്മ നാല് ലക്ഷം രൂപ അടയ്ക്കണം. സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക 81,000 രൂപയാണ് അടയ്ക്കേണ്ടത്.
വിനയന് വിലക്കേര്‍പ്പെടുത്തുന്ന സമയത്ത് സിനിമാസംഘടനകളിലെ ഭാരവാഹികളായിരുന്ന ഇന്നസെന്റ് 51,000രൂപയും സിബി മലയില്‍ 61,000 രൂപയും ബി ഉണ്ണിക്കൃഷ്ണന് 32,000 രൂപയും പിഴയടക്കണം. ഇടവേള ബാബുവിനും പിഴയുണ്ട്. വിധിക്കെതിരെ അപ്പീല്‍ പോകാന്‍ 60 ദിവസം വരെ സമയം ഉണ്ടെന്നും അപ്പീല്‍ പോകുമെന്നും സംവിധായകന് ബി ഉണ്ണികൃഷ്ണന് പ്രതികരിച്ചു.
ഫെഫ്കയും അമ്മയും വിലക്ക് ഏര്‍പ്പെടുത്തിയെന്ന് കാണിച്ച് സംവിധായകന് വിനയന് 2014-ല്‍ കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയില്‍(സിസിഐ) പരാതി നല്‍കിയിരുന്നു. സംവിധായകന് വിനയന് ഓരോരുത്തര്‍ക്കും എതിരെ വ്യക്തിപരമായി നല്കിയ പരാതിയില്‍ വിശദീകരണത്തിനായി കൂടുതല്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംവിധായകരായ ബി. ഉണ്ണിക്കൃഷ്ണന്,കമല്‍, സിബി മലയില്‍ എന്നിവര്‍ ചേര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വിഷയത്തില്‍ ഒന്നര വര്‍ഷം കൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിസിഐ അന്വേഷണം പൂര്‍ത്തിയാക്കുകയും 2015 നവംബര്‍ 11ന് ഫെഫ്ക, അമ്മ എന്നീ സംഘടനകള്‍ കൂടാതെ വ്യക്തിപരമായി അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, സെക്രട്ടറി ഇടവേള ബാബു, ഫെഫ്ക നേതാക്കളായ ബി. ഉണ്ണിക്കൃഷ്ണന്, കമല്‍, സിദ്ദിഖ്, സിബി മലയില്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കാണിച്ച് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അതിനുശേഷം ഡല്‍ഹിയില്‍ സിസിഐയില്‍ വിശദമായ വാദങ്ങള്‍ ഈ കേസില്‍ നടന്നു.
Discussion about this post