ഡല്‍ഹി: എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച ശിവസേനാ എംപി രവീന്ദ്ര ഗെയ്ക്വാദിനെ കാണാനില്ല. വിമാന കമ്പനികള്‍ യാത്ര വിലക്കിയതിനെ തുടര്‍ന്ന് ട്രെയിനില്‍ മുംബൈയിലേക്ക് തിരിച്ച എംപി യാത്രാമധ്യേ അപ്രത്യക്ഷനായിരിക്കുകയാണ്. മുംബൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ ശനിയാഴ്ച എംപി എത്തേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹം ഇവിടെ എത്തുന്നതിനു മുമ്പേ അപ്രത്യക്ഷനായി.
ഓഗസ്റ്റ് ക്രാന്ത്രി എക്സ്പ്രസ് ട്രെയിനിലാണ് ഗെയ്ക്വാദ് ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് യാത്ര തിരിച്ചത്. ഗുജറാത്തിലെ വാപിയില്‍ ഗെയ്ക്വാദ് ഇറങ്ങിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
മലയാളിയായ എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജര്‍ സുകുമാരന്‍ രാമനെയാണ് ഗെയ്ക്വാദ് മര്‍ദിച്ചത്. വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തശേഷവും തനിക്ക് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാനാകാത്തതില്‍ ക്ഷുഭിതനായി എംപി ഇറങ്ങാന്‍ കൂട്ടാക്കാതിരുന്നു. അതിനിടെ വിമാനം ക്ലീന്‍ ചെയ്യാന്‍ ജീവനക്കാരെത്തിയപ്പോഴാണ് ഡ്യൂട്ടി മാനേജര്‍ സുകുമാര്‍ രാമന് ഇയാളോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടത്. ക്ഷുഭിതനായ ഗെയ്ക്വാദ് ഇയാളെ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് എംപിക്ക് വിമാനക്കമ്പനികള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Discussion about this post