വാഷിങ്ടണ്‍: പൈപ്പ് ലൈന്‍ നിര്‍മാണത്തിന് ഇന്ത്യയില്‍ നിന്നുള്ള ഇരുമ്പ് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് സെനറ്റര്‍മാര്‍. ഇന്ത്യ അന്യായമായാണ് അമേരിക്കന്‍ വിപണിയില്‍ ഉല്പന്നങ്ങള് വില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കീസ്റ്റോണ്‍ എക്സ് എല്‍ പൈപ്പ്ലൈനിന്റെ നിര്‍മാണത്തിന് ഇന്ത്യ നിര്‍മിക്കുന്ന ഇരുമ്പ് ഇറക്കുമതി ചെയ്യരുതെന്ന് ആവശ്യപ്പെട്ടത്.
പൈപ്പ്ലൈന് നിര്‍മാണം നടത്തുന്ന കനേഡിയന്‍ കമ്പനിയെ ഇന്ത്യ, ഇറ്റലി എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഇരുമ്പ് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് കാണിച്ച് സെനറ്റര്‍മാര്‍ പ്രസിഡന്റ് ട്രംപിന് മെമ്മോറാന്‍ഡം നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ വിപണിയില്‍ അന്യായവും നിയമവിരുദ്ധവുമായ രീതിയിലാണ് കാലങ്ങളായി ഇന്ത്യയും ഇറ്റലിയും ഇരുമ്പ് കയറ്റുമതി നടത്തുന്നതെന്നാണ് ആരോപണം. പൈപ്പ്ലൈന് നിര്‍മാണത്തിന് അമേരിക്കന്‍ നിര്‍മിത ഇരുമ്പ് ഉപയോഗിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. പുതിയ പൈപ്പ്ലൈന് നിര്‍മാണവുമായി ബന്ധപ്പെട്ട ജോലികള്‍ അമേരിക്കക്കാര്‍ക്ക് ലഭ്യമാകണം. അമേരിക്കന്‍ നിര്‍മിത ഉല്പന്നങ്ങളും ഉപകരണങ്ങളും മാത്രമേ നിര്‍മാണത്തിന് ഉപയോഗിക്കാന്‍ പാടുള്ളൂ. നിര്‍മാണത്തിന് അമേരിക്കന്‍ കമ്പനികള്‍ക്കുതന്നെ ചുമതല നല്‍കണമെന്നും സെനറ്റര്‍മാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
800 കോടി ഡോളര്‍ ചിലവിട്ടാണ് കാനഡയില്‍നിന്ന് ടെക്സാസിലേയ്ക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവരുന്നതിന് പൈപ്പ്ലൈന് മിര്മ്മിക്കുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉന്നയിച്ച് പൈപ്പ്ലൈന് പദ്ധതിയ്ക്കെതിരെ നിരവധി സംഘടനകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ട്രംപിന്റെ തീരുമാനം.
Discussion about this post