ശ്രീനഗര്‍: ഇന്ത്യയ്ക്ക് വേണ്ടി ഫുട്ബോള്‍ കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിഞ്ഞ പെണ്‍കുട്ടി പറയുന്നു.
കാശ്മീരിലെ ആദ്യ വനിത ഫുട്ബോള്‍ കോച്ചായ അഫ്ഷാന് ആഷിഖി എന്ന 21 കാരി കല്ലെറിഞ്ഞതിന്റെ വിശദീകരണവും നല്‍കുന്നുണ്ട്. ”അതെ ഞാന്‍ കല്ലെറിഞ്ഞിരുന്നു. എന്നാല്‍ അത് ഞാന്‍ ചെയ്യാന്‍ ഇഷ്ടപ്പെടാത്ത കാര്യമായിരുന്നു. ദേശീയ തലത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെന്നാണ് എന്റെ ആഗ്രഹം.’
സര്‍ക്കാര്‍ വനിതാ കോളേജിലെ ബി.എ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ അഫ്ഷാനും തന്റെ ടീമിലെ മറ്റ് 20 വിദ്യാര്‍ത്ഥികളുമായി ഫുട്ബോള്‍ പരിശീലനത്തിനായി പോവുകയായിരുന്നു. അപ്പോഴാണ് ഒരു കൂട്ടം ആണ്‍കുട്ടികള്‍ പൊലീസിനു നേരെ കല്ലേറ് നടത്തുന്നത്. പുല്‍വാമ ഡിഗ്രി കോളേജില്‍ നടന്ന പൊലീസ് നടപടിക്ക് നേരെ കാശ്മീരിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുകയായിരുന്നു. മറ്റ് പെണ്‍കുട്ടികളോട് ഭയപ്പെടേണ്ടെന്നും നമുക്കവിടെ കാത്തിരിക്കാമെന്നും പറഞ്ഞതായി അഫ്ഷാന് പറയുന്നു. എന്നാല്‍ പൊലീസ് തങ്ങളും കല്ലെറിയുന്നവരുടെ കൂട്ടത്തിലുള്ളതാണെന്ന് തെറ്റിദ്ധരിച്ചു. ഒരു പൊലീസുകാരന് തങ്ങളിലൊരാളെ തല്ലുകയും ചീത്ത പറയുകയും ചെയ്തു. ഇതാണ് ഞങ്ങളെ ചൊടിപ്പിച്ചത്. ആ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കണമെന്ന തോന്നിയതിനാലാണ് പൊലീസിന് നേരെ കല്ലെറിഞ്ഞതെന്നും അഫ്ഷാന് പറഞ്ഞു.
അതേസമയം വിദ്യാര്‍ത്ഥികളായതിനാല്‍ പൊലീസ് തിരിച്ചടിക്കില്ലെന്ന് അറിയാവുന്നതിനാലാണ് പെണ്‍കുട്ടികളും കല്ലെറിയാന്‍ ആരംഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഒരു കുട്ടിക്ക് പോലും ഒരു പോറല്‍ ഏല്‍ക്കരുതെന്നാണ് പൊലീസിന്റെയും സി.ആര്.പി.എഫിന്റെയും നയമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ കര്‍ഫ്യൂ ചുമത്തിയും മറ്റും സുരക്ഷാ സേന തങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നതിനെ അഫ്ഷാന് എതിര്‍ക്കുന്നു. പക്ഷേ തങ്ങളുടെ ഭാവി ഇന്ത്യയ്ക്കൊപ്പമാണെന്ന് വ്യക്തമായി അറിയാമെന്നും അവള് പറയുന്നു.
Discussion about this post