തിരുവനന്തപുരം: മൂന്നാര്‍ ഒഴിപ്പിക്കലില്‍ സിപിഎമ്മിന് സിപിഐയുടെ വിമര്‍ശനം. ബംഗാളില്‍ ടാറ്റയ്ക്ക് സഹായം നല്‍കിയത് ആരെന്ന് ഓര്‍ക്കണമെന്നും സിപിഐ കുറ്റപ്പെടുത്തി. സിപിഐ സംസ്ഥാന കൗണ്‍സിലിലാണ് വിമര്‍ശനം. സിപിഎമ്മിന്റേത് ഏകാധിപത്യ സ്വഭാവമെന്നും വിമര്‍ശനമുയര്‍ന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും തിരുത്താന്‍ പാര്‍ട്ടി തയ്യാറാകണമെന്നും സിപിഐ ആവശ്യപ്പെട്ടു. ഏകാധിപത്യത്തിനെതിരെ പോരാടാന്‍ ഇടതുപക്ഷത്തിന് ബാധ്യതയുണ്ടെന്നും സിപിഐ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയിലെ ഏതാനും ചിലരല്ല വിമര്‍ശനമുന്നയിക്കുന്നതെന്നും തെറ്റ് പറ്റുമ്പോള്‍ വിമര്‍ശനമുയരുമെന്നും സംസ്ഥാന കൗണ്‍സിലിന് ശേഷം കാനം പറഞ്ഞു. വിമര്‍ശനമുന്നയിക്കുന്നത് ന്യൂനപക്ഷമെന്ന ധാരണ വേണ്ട സിപിഐ ഒറ്റക്കെട്ടായാണ് വിമര്‍ശനമുന്നയിക്കുന്നതെന്ന് കാനം വ്യക്തമാക്കി.
ഇന്നലെ സിപിഐഎം സംസ്ഥാന സമിതിയില്‍ സിപിഐക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് സിപിഐയുടെ നീക്കം. സംസ്ഥാനത്ത് സിപിഐഎം വിരുദ്ധത സൃഷ്ടിക്കാന്‍ സിപിഐ ബോധപൂര്‍വം ശ്രമിക്കുന്നുവെന്നാണ് കോടിയേരി വിമര്‍ശിച്ചത്. ഒരു വിഭാഗം നേതാക്കളാണ് ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ പാര്‍ട്ടിയുടെ മൊത്തത്തിലുള്ള പിന്തുണ ഈ നീക്കത്തിനില്ല. ഇത് മനസിലാക്കി വേണം പ്രതികരിക്കാനെന്നും കോടിയേരി സംസ്ഥാന സമിതിയില്‍ പറഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു.
മൂന്നാര്‍ കയ്യേറ്റവിഷയം സംസ്ഥാന സമിതിയില്‍ ചര്‍ച്ചയ്ക്കു വന്നപ്പോഴാണ് സിപിഐയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി വിമര്‍ശനം ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം ആക്രമിക്കാനും ഒറ്റപ്പെടുത്താനുമാണ് സിപിഐ ശ്രമിക്കുന്നത്. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ സിപിഐക്ക് ഇരട്ടത്താപ്പാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ സിപിഐയ്ക്ക് ഇരട്ടത്താപ്പാണ്. ടാറ്റയുടെ കയ്യേറ്റമല്ലേ ആദ്യം ഒഴിപ്പിക്കേണ്ടതെന്ന് യോഗത്തില്‍ സിപിഐഎം അംഗങ്ങള്‍ ചോദിച്ചപ്പോള്‍ ടാറ്റയുടെ ഭൂമി ഒഴിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് കാനം രാജേന്ദ്രന് എല്‍ഡിഎഫ് യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ എല്‍ഡിഎഫ് യോഗത്തില്‍ കാനം സ്വീകരിച്ച ഈ നിലപാട് ഒഴികെ ചര്‍ച്ചയിലെ മറ്റെല്ലാ വിവരങ്ങളും മാധ്യമങ്ങളില്‍ വന്നുവെന്നും കോടിയേരി പറഞ്ഞു.
Discussion about this post