കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ നീക്കം നിര്‍ഭാഗ്യകരമെന്ന് പി ജെ ജോസഫ്. പുതിയ കൂട്ടുകെട്ടുകള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു.
പ്രാദേശിക തലത്തില്‍ യുഡിഎഫുമായി യോജിച്ച് പോകാനായിരുന്നു തീരുമാനം. ചരല്‍ക്കുന്ന് ക്യാമ്പിലെ തീരുമാനം അങ്ങനെയായിരുന്നു. പ്രാദേശിക തലത്തിലുള്ള തീരുമാനം എന്നാണ് മാണിയുടെ വിശദീകരണമെന്നും പി ജെ ജോസഫ് പറഞ്ഞു.
അതേസമയം ജോസഫ് കൂടി പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സിപിഐഎം പിന്തുണ സംബന്ധിച്ച കാര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ ഭിന്നതകളുയരുകയാണ്. ഇന്നലെ ജോസഫ് വിഭാഗത്തിലെ എംഎല്‍എയും നേതാവുമായ മോന്‍സ് ജോസഫും എതിര്‍പ്പറിയിച്ചിരുന്നു. രാഷ്ട്രീയമായി വഞ്ചിച്ചെന്ന് കോണ്‍ഗ്രസ് കെ.എം മാണിയെ വിമര്‍ശിച്ചതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാര്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ തങ്ങളുടെ തീരുമാനം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ച ചെയ്യാതെയാണ് പിന്തുണ സ്വീകരിക്കാന്‍ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസുമായി ധാരണ ഉണ്ടായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ഇ.ജെ അഗസ്തിയും ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പില്‍ സിപിഐഎം സഹകരണത്തില്‍ അതൃപ്തിയെ തുടര്‍ന്നാണ് അഗസ്തിയുടെ രാജി എന്നാണ് സൂചന. അതേസമയം, ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയതിനാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് അഗസ്തിയുടെ വിശദീകരണം. രാജി കത്ത് നേരത്തെ തന്നെ പാര്‍ട്ടി ചെയര്മാന് കൈമാറിയിരുന്നുവെന്നും മാണിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് തുടര്‍ന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐഎം പിന്തുണയോടെ കോണ്‍ഗ്രസിനെ തളളിയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സക്കറിയ കുതിരവേലി വിജയം കൈവരിച്ചത്. എട്ടിനെതിരെ 12 വോട്ടുകള്‍ നേടിയാണ് സക്കറിയ വിജയിച്ചത്. വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് നടന്ന അട്ടിമറി നീക്കത്തിലൂടെ സിപിഐഎം പിന്തുണ ഉറപ്പിച്ച കേരള കോണ്‍ഗ്രസ് ഭരണം നേടിയെടുക്കുകയായിരുന്നു. നേരത്തെ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും കോണ്‍ഗ്രസും തമ്മില്‍ ധാരണ ഉണ്ടാക്കിയിരുന്നു. ഇത് സംബന്ധിച്ച കരാര്‍ മാണി വിഭാഗം ലംഘിച്ചതില്‍ കോണ്‍ഗ്രസ് കടുത്ത അമര്‍ഷത്തിലാണ്.
Discussion about this post