(നിലപാട്)
ശ്രീകുമാര്‍ കാവില്‍
കേരളത്തില്‍ രണ്ട്ദൃശ്യമാധ്യമങ്ങളില് കേന്ദ്ര എക്സൈസ് വകുപ്പ് നടത്തിയ റെയ്ഡും നടപടികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്. നികുതിവെട്ടിപ്പിന്റെ പേരില്‍ കേരളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായ ഇന്ത്യ വിഷനിലും, ഇപ്പോള്‍ കേരളത്തിലെ ദൃശ്യമാധ്യമ പ്രവര്‍ത്തന രംഗത്തെ അതികായനായ എം.വി നികേഷ് കുമാര്‍ തലവനായ റിപ്പോര്‍ട്ടര്‍ ചാനലിലുമാണ് കേന്ദ്ര എക്സൈസ് വകുപ്പ് റെയിഡ് നടത്തിയത്. രണ്ട് മാധ്യമ സ്ഥാപനങ്ങളിലും കോടികളുടെ നികുതി വെട്ടിപ്പാണ് അധികൃതര്‍ കണ്ടെത്തിയത്.
റിപ്പോര്‍ട്ടര്‍ ചാനലില്‍ നേരത്തെ തന്നെ ക്രമക്കേട് കണ്ടെത്തിയ ആദായ നികുതി വകുപ്പ് കുടിശ്ശിക അടച്ച് തീര്‍ക്കാന്‍ ചട്ടപ്പടി നിര്‍ദ്ദേശം നല്‍കിയിരുന്നു. ആവശ്യമായ സമയം ഇതിനായി ചാനലിന് അനുവദിക്കുകയും ചെയ്തു. എന്നാല്‍ നോട്ടിസ് അവഗണിച്ചതിനെ തുടര്‍ന്ന് ചാനല്‍ ഓഫിസില്‍ പരിശോധന നടത്തി ചാനല്‍ മേധാവിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു അധികൃതര്‍.
ചാനല്‍ അധികൃതര്‍ നടത്തിയത് നിയമലംഘനമാണ് എന്നതില്‍ ആര്‍ക്കുമില്ല സംശയം. എന്നാല്‍ നികേഷിനെ പോലെ വളരെ ശക്തനായ ഒരു മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുകയോ..? പലരുടെയും നെറ്റിചുളിയുന്നു. പ്രത്യേകിച്ചും നടപടി സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ആയതിനാല്‍ അത് ആവിഷ്ക്കാര സ്വാതന്ത്രത്തിന് നേരെയുള്ള കടന്ന് കയറ്റമായി വ്യാഖ്യാനിക്കാമോ എന്നായി നോട്ടം…
കേരളത്തില്‍ സിപിഎമ്മിന്റെ അനിഷേധ്യ നേതാവായ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് തന്നെ ആദ്യവെടി പൊട്ടിച്ചു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനേ മേലുള്ള കടന്ന് കയറ്റമാണെന്നാണ് ഇടത് പക്ഷത്തെ പ്രമുഖനായ നേതാവിന്റെ കണ്ടെത്തല്‍. സഖാവ് പറയുന്നത് കേള്ക്കു-കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സെന്‍ട്രല്‍ എക്സൈസ് വകുപ്പ് നടത്തുന്ന നീക്കം അതിരു വിട്ടതും , മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റവുമാണെന്നാണ് പിണറായി വിജയന്റെ വിലയിരുത്തല്‍. കോര്‍പ്പറേറ്റുകള്‍ വലിയ ഇളവുകള്‍ നല്കുന്ന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തിടുക്കത്തില്‍ നടപടി സ്വീകരിക്കുന്നു..ആവശ്യത്തിന് സാവകാശം നല്‍കാമായിരുന്നു എന്നിങ്ങനെയാണ് തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി നേതാവിന്റെ വിശദീകരണം.
നികേഷ് കുമാറിനെ ബന്ദിയാക്കിയത് മാധ്യമസ്ഥാപനങ്ങളുടെയും, പ്രവര്‍ത്തകരുടെയും ഉത്തരവാദിത്ത നിര്‍വ്വഹണം തടസ്സപ്പെടുത്തുന്നതാണെന്നും സഖാവ് പറയുന്നു.
നികേഷിനെ ബന്ധിയാക്കുന്നതില്, മാധ്യമപ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതില്‍ ഉള്ള എതിര്‍പ്പ് സ്വഭാവികമാണ് പക്ഷേ നികുതി അടക്കേണ്ടത് ചാനല്‍ മുതലാളിയാണ്…നികേഷ് കുമാര്‍ എന്ന മാധ്യമതൊഴിലാളിയെ അല്ല..മുതലാളിയെ തന്നെയാണ് അറസ്റ്റ് ചെയതതെന്ന് ആരും മറക്കരുത്. നികുതി അടയക്കാതിരിക്കാന് ഫോര്‍ത്ത് എസ്റ്റേറ്റിന് എന്തെങ്കിലും പ്രത്യേക അധികാരങ്ങളുണ്ടോ എന്ന ചോദ്യം സഖാവിന്റെ അഭിപ്രായം കണ്ട് ആരുടെയെങ്കിലും മനസ്സിലുയര്ന്നാല് അത് കുറ്റം പറയാനാവില്ല..
ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന പേരില്‍ നിരവധി ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നിന്ന് നേടുന്നവരാണ് മാധ്യമസ്ഥാപനങ്ങളും, മാധ്യമപ്രവര്‍ത്തകരും..മറ്റെല്ലാം സേവന മേഖലകളും പോലെ അവരും അവരുടെ ജോലി ചെയ്യുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. മറ്റ് സേവനമേഖലകളേക്കാള് മുതലാളിത്വ കാഴ്ചപ്പാടില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന പല നിലപാടുകളും അത്ര ജനോപകാരപ്രദമല്ല എന്ന വിമര്‍ശനവും ഉണ്ട്.. ഇവിടെ അതല്ല പ്രശ്നം..നാട്ടിലുള്ള ക്രമക്കേടുകളും നിയമലംഘനങ്ങളും ‘രൂക്ഷമായി’ എതിര്‍ക്കുന്ന മാധ്യമങ്ങള്‍ അത്തരമൊരു ക്രമക്കേടിന് വശംവദരാകുമ്പോള്‍ മറ്റെല്ലാറ്റിനേക്കാലും ഗൗരവത്തോടെ ആ വിഷയം ഏറ്റെടുക്കേണ്ടേ..? ഒരു സാധാരണക്കാരനായ ഉദ്യോഗസ്ഥന് അഞ്ച് രൂപ കൈക്കൂലിവാങ്ങിയാല്‍ അത് ബ്രേക്കിംഗ് ആക്കി, അയാളെ സസ്പെന്റെ ചെയ്യിക്കുന്ന സാമൂഹ്യഅവബോധം മറ്റാരാക്കാളും മാധ്യമങ്ങളല്ലേ കാത്ത് സൂക്ഷിക്കേണ്ടത്.? കോടികളുടെ നികുതിവെട്ടിപ്പ്..( അധികാരം ഉപയോഗിച്ച് നികുതി അടയ്ക്കാതിരിക്കുന്നതും വെട്ടിപ്പ് തന്നെയാണ്) കണ്ടാലും കുറച്ച് കൂടി കണ്ണടക്കണം എന്ന് പറയുന്നത് എന്ത് തൊഴിലാളി വര്‍ഗ്ഗ ബോധം കൊണ്ടായാലും സാധാരണക്കാര്‍ വകവച്ചു തരുമെന്ന് തോന്നുന്നില്ല.
മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ സ്വയം വിമര്ശനാതീതനാകാന് വളരെ ശ്രദ്ധിക്കണം എന്ന ബാലപാഠം സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് മറക്കുന്നത് മനസ്സിലാക്കാം..പക്ഷേ നിയമലംഘനങ്ങള്‍ അത് ചെറുതായാലും, വലുതായാലും വച്ച് പൊറുപ്പിക്കുകയില്ല എന്ന് പറയേണ്ട ജനനേതാവ് അതിനെ ന്യായീകരിക്കുന്നത് എങ്ങനെ അംഗീകരിക്കും..(നികേഷ്കുമാര്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു..അത് കൂടി ചേര്ത്തുവെയ്ക്കുമ്പോല് നികേഷിലെ രാഷ്ട്രീയക്കാരന്റെ പ്രതിച്ഛായ പിണറായി സഖാവിന് പ്രധാനപ്പെട്ടത് തന്നെയാണ്)
ഇനി മറ്റൊരു ചാനലായ ഇന്ത്യാ വിഷന്റെ കാര്യമെടുക്കാം…റസിഡന്റ് ഡയറക്ടറെ നികുതി അടയ്ക്കാത്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലിട്ട സംഭവം നടന്നിട്ട് ദിവസങ്ങളെ ആയിട്ടുള്ളു..മന്ത്രി എം.കെ മുനീര്‍ ചെയര്‍മാനായ ചാനലും അടക്കാനുള്ളത് കോടികളുടെ കുടിശ്ശികയാണ്..മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള ആ കടന്ന് കയറ്റത്തെ പല സഖാക്കളും ഇതുവരെ അറിഞ്ഞില്ലേ…? അതോ വേണ്ടപ്പെട്ടവരെ തൊടുമ്പോഴേ പൊള്ളു എന്നുണ്ടോ…?
13 കോടിയോളം രൂപയാണ് എം.വി നികേഷിനെ പോലുള്ള വിഖ്യാത ജേണലിസ്റ്റുകള്‍ വളര്‍ത്തി കൊണ്ടു വന്ന ഇന്ത്യ വിഷന്‍ ചാനല്‍ നികുതി ഇനത്തില്‍ അടക്കാനുള്ളതെന്നാണ് പുറത്തു വന്ന വാര്‍ത്തകള്‍. ചാനല്‍ റസിഡന്റെ ഡയറക്ടര്‍ ജമാലുദ്ധീന് ഫറൂഖിയെ സെന്‍ട്രല്‍ എക്സൈസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. പരസ്യഇനത്തിലുള്ള പണം കൈപറ്റിയിട്ടും അത് അടച്ചില്ല എന്നാണ് ചാനലിന്റെ പേരില്‍ കണ്ടെത്തിയ കുറ്റം. പരസ്യദാതാക്കള്‍ പണം തന്നിട്ടില്ല എന്നൊക്കെ പറഞ്ഞ് നോക്കിയിട്ടും വിലപോയില്ല. പരസ്യത്തിനുള്ള പണം നേരത്തെ നല്‍കിയതാണെന്ന് പരസ്യദാതാക്കള്‍ തെളിവ് സഹിതം പറഞ്ഞതോടെ കള്ളിവെളിച്ചത്തായി. നിലനില്പ് തന്നെ അവതാളത്തിലായ പല ചാനലുകളുടെയും പത്രസ്ഥാപനങ്ങളുടെയും അവസ്ഥ ഇതാണ്.
വീണ്ടും മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്ന് കയറ്റം എന്ന വിശദീകരണത്തിലേക്ക് വരാം. ഇന്ത്യവിഷന് ചാനല്‍ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ജീവനക്കാര്‍ക്ക് ശമ്പളം
നല്‍കാതെ തൊഴില്‍ നിയമം ലംഘിച്ചുവെന്ന് മാത്രമല്ല, ലേബര്‍ ഓഫിസറുമായി ഉണ്ടാക്കിയ കരാറുകള്‍ ചാനല്‍ മുതലാളിമാര്‍ ലംഘിക്കുകയും ചെയ്തു. മാസങ്ങളോളം ജോലി ചെയ്ത് ശമ്പളം
കിട്ടാത്ത ചാനല്‍ ജീവനക്കാരുടെ ദയനീയ അവസ്ഥ പലപ്പോഴായി സോഷ്യല്‍ മീഡിയ പൊതുരംഗത്ത് എത്തിച്ചതാണ്. എല്ലാ രാഷ്ട്രീയ ഭരണ നേതൃത്വവും അതെല്ലാം അറിഞ്ഞതുമാണ്. അന്നൊന്നും പട്ടിണികിടക്കുന്ന ഒരു തൊഴിലാളിയ്ക്ക് വേണ്ടി ശബ്ദിക്കാത്തവരാണ് ഇപ്പോള്‍ ചാനല്‍ എംഡിയ്ക്ക് വേണ്ടി പ്രക്ഷോഭത്തിനും പ്രതിഷേധത്തിനും ആഹ്വാനം ചെയ്യുന്നത്.
ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനില്ലാത്തതിന്റെ പേരില്‍ ഒരു ചാനല്‍ അടച്ച് പോയാല്‍, നികുതി നല്‍കാത്തതിന്റെ പേരില്‍ അടച്ചിട്ടാല്‍ രാജ്യത്തിന്റെ നാലാം തൂണ് പാടെ തകര്‍ന്നു പോകുകയൊന്നുമില്ല…ശമ്പളം കിട്ടാതെ ജോലി ചെയ്യുന്നവന് വേണ്ടി. തൊഴിലില്ലാതെ അലയുന്നതിന് വേണ്ടി ശബ്ദിക്കാത്തവര്‍ മുതലാളിയ്ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ എന്ത് പറയും. നിയമവ്യവസ്ഥ പാലിക്കാന്‍ പ്രതിജ്ഞ ബദ്ധരായവര് അത് ചെയ്യാതെ വരുമ്പോള്‍ എന്ത് ചെയ്യും…മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയുമെന്ന ചൊല്ല് ഓര്‍മ്മിപ്പിക്കുകയല്ലാതെ…
(ആലുവ സ്വദേശിയായ ശ്രീകുമാര്‍ കാവില്‍ പൊതുപ്രവര്‍ത്തകനും, ലോ കോളേജ് വിദ്യാര്‍ത്ഥിയുമാണ് )
Discussion about this post