തിരുവനന്തപുരം: തന്റെ സിനിമകളും അതിലെ രംഗങ്ങളും അഭിനയവും കൊണ്ട് എന്നും വിമര്‍ശനങ്ങള്‍ മാത്രം നേരിടുകയും എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ ഒരു നല്ല മനുഷ്യനാണെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള ആളുമാണ് സന്തോഷ് പണ്ഡിറ്റ്. ഇത്തവണ, അയിത്താചാരത്തിന്റെ പേരില്‍ സമൂഹം മാറ്റി നിര്‍ത്തിയ ഗോവിന്ദപുരത്തെ അംബേദ്കര്‍ കോളനിയിലെത്തിയാണ് സന്തോഷ് തന്റെ വലിയ മനസിന്റെ വലിപ്പം കാട്ടിയിരിക്കുന്നത്.
സന്തോഷ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടി നായകനായ മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിന്റെയും നേരത്തെ അഭിനയിച്ച തമിഴ് സിനിമയുടെ പ്രതിഫല തുകയുടെയും ഒരു പങ്ക്് പാലക്കാട് ഗോവിന്ദപുരത്തെ അംബേദ്ക്കര്‍ കോളനി നിവാസികള്‍ക്കായി നല്‍കാനാണ് സന്തോഷ് ഇവിടെ എത്തിയത്. സന്തോഷിന്റെ ഈ പ്രവര്‍ത്തി കയ്യടിയോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത്.
പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിച്ച സന്തോഷ് പണ്ഡിറ്റ് പറഞ്ഞതിങ്ങനെ. വികസനത്തിന്റെയും ജീവിത നിലവാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ അവഗണ അനുഭവിക്കുന്ന ഒരു വിഭാഗം ജനങ്ങള്‍ക്ക് കൈത്താങ്ങാകാനാണ് സന്തോഷ് പണ്ഡിറ്റ് കോളനിയില്‍ എത്തിയത്.
ഇവിടുത്തെയാളുകള്‍ വളരെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. ചോര്‍ച്ചയുള്ള വീടുകളില്‍ ജീവിക്കുന്നു. എനിക്കു കൂടുതലായ് ഒന്നും ചെയ്യുവാന്‍ പറ്റിയില്ല. കുറച്ചു ദിവസത്തക്കുള്ള ആഹാര സാധനങ്ങളും സ്കൂള്‍ കുട്ടികള്‍ക്ക് പുസ്തകവും ഫീസും നല്കാന് സാധിച്ചു. പ്ലസ്ടുവിന് ശേഷം ഇവിടുത്തെ കുട്ടികള്‍ക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ പണമില്ലാത്തതിനാല്‍ പറ്റുന്നില്ല. ഞാന്‍ അമ്പാനിയുടെ മകനൊന്നുമല്ല. പക്ഷെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കും. നിങ്ങളും മുന്നോട്ട് വരണം. ഇവിടുത്തെ കുട്ടികളെ പഠിപ്പിക്കുവാന്‍ സ്പോണ്സോഴ്സിനെ കണ്ടെത്താമെന്ന് വാക്കു കൊടുത്തിട്ടുണ്ട്. കുറച്ചു ആഴ്ചക്കു ശേഷം വീണ്ടും കൂടുതല്‍ സഹായങ്ങളുമായ് ചെല്ലുവാന്‍ ആലോചിക്കുന്നു- സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
എന്നും സന്തോഷ് പണ്ഡിറ്റിനെ വിമര്‍ശിക്കാറുള്ള സോഷ്യല്‍ മീഡിയ ഇത്തവണ അദ്ദേഹത്തെ പ്രശംസകള്‍ കൊണ്ട് നിറയ്ക്കുന്ന തിരക്കിലായിരുന്നു. കോളനിയില്‍ വച്ച് സന്തോഷ് മാദ്ധ്യമങ്ങളോട് പറഞ്ഞ ഒരു വാക്യം കടമെടുത്തായിരുന്നു മിക്കവരുടെയും ആശംസ സന്ദേശങ്ങള്‍ എത്തിയത്. ‘ എന്റെ അമ്മ പറഞ്ഞ ഒരു കാര്യം ഉണ്ട്, ഒരു സ്ഥലത്ത് അന്ധകാരം ഉണ്ടെങ്കില്‍ അത് ആരുണ്ടാക്കി, അതിന്റെ ബുദ്ധിമുട്ട് എന്താണ് എന്നൊക്കെ ചിന്തിക്കാതെ അവിടെ ഒരു മെഴുകുതിരി എങ്കിലും കത്തിച്ചാല്‍ കുറച്ചു പേര്‍ക്കെങ്കിലും വെളിച്ചമാകും’ സന്തോഷ് പണ്ഡിറ്റിന്റെ ഈ വാക്കുകള്‍ അടുത്തിടെ കേട്ടതില്‍ വച്ചേറ്റവും നല്ല സന്ദേശമാണെന്ന് ധാരാളം പേര് പ്രതികരിച്ചു.
നേരത്തെ തന്റെ സിനിമകളില്‍ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം അട്ടപ്പാടി കോളനിയിലെത്തി വിതരണം ചെയ്ത സന്തോഷ് പണ്ഡിറ്റ് ഇനിയും താന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് അദ്ദേഹം ഗോവിന്ദപുരത്തുമെത്തിയത്.
എന്നാല്‍ തന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വലിയ തോതിലുള്ള സഹായം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും എന്നാല്‍ കോളനി നിവാസികള്‍ക്ക് വേണ്ടി കുറച്ച് ദിവസത്തെ ഭക്ഷണം എത്തിക്കാനാണ് ശ്രമിച്ചതെന്നും സന്തോഷ് പ്രതികരിച്ചു. തുടര്‍സഹായത്തിന് താന്‍ മുന്നിലുണ്ടാകുമെന്നും കൂടുതല്‍ സഹായങ്ങള്‍ നല്കാന് താല്പ്പര്യമുളളവരെ കണ്ടെത്തിക്കൊടുക്കുമെന്നും പണ്ഡിറ്റ് കോളനി നിവാസികള്‍ക്ക് ഉറപ്പ് നല്കി. കുറച്ച് ആഴ്ച്ചകള്‍ക്ക് ശേഷം താന്‍ കോളനിയില്‍ വീണ്ടുമെത്തുമെന്ന ഉറപ്പിലാണ് അദ്ദേഹം മടങ്ങിയത്.
https://www.facebook.com/santhoshpandit/videos/1580672115320376/
Discussion about this post