സിഡ്നി:സിഡ്നിയില്‍ അവസാനം ഇന്ത്യന്‍ കണ്ണീര് വീണു, ലോകകപ്പില്‍ ധോണിയും സംഘവും നടത്തിയ തോല്‍വിയറിയാ അശ്വമേധത്തിന് മഞ്ഞപ്പട തടയിട്ടു. 95 റണ്‍സിന്റെ തോല്‍വിയോടെ ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് ചിറകറ്റു.
329 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 46.5 ഓവറില്‍ 233 എല്ലാവരും പുറത്തായി. 65 റണ്‍സെടുത്ത് പൊരുതിയ ക്യാപ്റ്റന്‍ ധോണിയുടെ ചെറുത്ത് നില്പ്പൊഴികെ എടുത്തു പറയാന്‍ ഒന്നുമില്ല ഇന്ത്യ ബാറ്റിംഗില്‍. ധോണി അനാവശ്യമായ റണൗട്ടായതോടെ ഇന്ത്യ എളുപ്പത്തില്‍ കളി മതിയാക്കി.
ഓപ്പണിംഗ് കൂട്ടുകെട്ട് നന്നായി തുടങ്ങിയെങ്കിലും 45 റണ്‍സെടുത്ത ധവാന് വീണതോടെ ഇന്ത്യ പിന്നോട്ടടിച്ചു. 108 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. കൊഹ്ലി(1) രോഹിത് ശര്‍മ്മ (34) എന്നിവര്‍ വേഗത്തില്‍ പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. റെയ്ന ഏഴ് റണ്‍സെടുത്ത് പുറത്തായി.
രഹാനെ(44), ജഡേജ(16), അശ്വീന്‍(5), മോഹിത് ശര്‍മ്മ(0), ഉമേഷ് യാദവ്(0), മുഹമ്മദ് ഷമി(1*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോര്‍
സെഞ്ച്വറി നേടിയ സ്മിത്താണ് കളിയിലെ കേമന്‍. ഫോക്നര്‍ മൂന്നും, മിച്ചല്‍ ജോണ്സണ്, സ്റ്റര്ക് എന്നിവര്‍ രണ്ടും വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഓസിസ് ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 328 റണ്‍സ് എടുത്തു. സെഞ്ച്വറി നേടിയ സ്മിത്തിന്റെ(105)മികച്ച ബാറ്റിംഗാണ് ഓസിസിന് തുണയായത്. ഫിഞ്ച് 81 റണ്‍സ് നേടി. മാക്സവെല്‍ 23 റണ്‍സെടുത്തു.
ടോസ് നേടിയ ഓസിസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസിസ് സ്കോര്‍ 15ല്‍ നില്‍ക്കെ അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 12 റണ്‍സെടുത്ത വാര്‍ണറെ ഉമേഷ് യാദവ് പുറത്താക്കി. ഇതുള്‍പ്പടെ നാല്് വിക്കറ്റുകള്‍ ഉമേഷ് യാദവ് നേടി. 10 റണ്‍സെടുത്ത മൈക്കല്‍ ക്ലര്‍ക്ക്, 23 റണ്‍സെടുത്ത മാക്സവെല്‍ എന്നിവര്‍ കാര്യമായ ചെറുത്ത് നില്പില്ലാതെ കീഴടങ്ങി. വാട്സണ് 28 റണ്‍സ് എടുത്തു. അശ്വിന് ഒഴികെയുള്ള സ്പിന്നര്‍മാര്‍ തിളങ്ങാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
ലോകകപ്പ് ഫൈനലില്‍ ആതിഥേയ ടീമുകളായ ന്യൂസിലണ്ടും, ഓസ്ട്രേലിയയും ഏറ്റുമുട്ടും.
Discussion about this post