കൊച്ചി: ആക്രമിക്കപ്പെട്ട നടി ആരാണെന്ന് എല്ലാവര്ക്കും അറിയാമെന്ന് ഇര എന്നു വിളിക്കുന്നതിനെ പരിഹസിച്ച് സിനിമാ സംഘടനയായ അമ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങള്‍ താര സംഘടനയായ അമ്മയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് ഇന്നസെന്റ് പറഞ്ഞു.
കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണം. അതുമായി ബന്ധപ്പെട്ട് കേസ് ഇപ്പോള്‍ മര്യാദയ്ക്കാണ് പോകുന്നത്. ഒരാളെ പിടിച്ച് അകത്തിട്ടിട്ടുണ്ട്. കോടതിയിലിരിക്കുന്ന വിഷയം അമ്മയില്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആ നടിയെ നമ്മള് എല്ലാവര്ക്കും അറിയാം. ആരാണ്, എന്താണെന്ന്… ഇര എന്നേ ഇനി അവരെ വിളിക്കാന്‍ കഴിയുളളുവെന്നും അദ്ദേഹം ചോദിച്ചു.
അവാര്‍ഡ് നൈറ്റുമായി ബന്ധപ്പെട്ട് ലണ്ടനില്‍ പോയി വന്നപ്പോഴാണ് ഇവിടുത്തെ കാര്യങ്ങള്‍ അറിയുന്നത്. കുറ്റം ചെയ്തവരുടെ കൂടെ നില്‍ക്കില്ല. അവര്‍ ശിക്ഷിക്കപ്പെടണം. സത്യം പൊലീസ് ഉദ്യോഗസ്ഥര്‍ പുറത്ത് കൊണ്ടുവരും. ഈ വിഷയം അമ്മയില്‍ ചര്‍ച്ച ചെയ്യേണ്ട പ്രത്യേകിച്ച് കാര്യമില്ല. ഇവിടെ ചര്‍ച്ച ചെയ്തിട്ട് യാതൊരു കാര്യവും അതില്‍ ഇല്ല. സംഘടനയ്ക്ക് അകത്ത് പറയേണ്ടതാണെങ്കില്‍ ആലോചിച്ചിട്ട് പറയും. സിനിമയില്‍ ക്രിമിനലുകളൊന്നും ഉളളതായി അറിയില്ല. നടിയുടെ പേര് പറഞ്ഞ് പരസ്യപ്രതികരണം നടത്തിയവര്‍ക്കെതിരെ പ്രതികരിക്കാനില്ല. കേസുമായി ബന്ധപ്പെട്ട് നേരത്തെ പിണറായി വിജയന് സാറിനോട് വിളിച്ച് സംസാരിച്ചിരുന്നതാണെന്നും ഇന്നസെന്റ് വ്യക്തമാക്കി. കൊച്ചിയില്‍ അമ്മയുടെ എക്സിക്യൂട്ടീവ് ഇന്ന് ചേരാനിരിക്കെയാണ് ഇന്നസെന്റിന്റെ പ്രതികരണം.
ഇന്നസെന്റിന്റെ പ്രതികരണം ഇങ്ങനെ:
ഈ ഒരു കേസില്‍ ഇത് ഉണ്ടായി എന്ന് പറയുമ്പോള്‍, ഇപ്പോ ഇരാന്നെ പറയാന്‍ പാടുളളൂ. പേര് പറയാന്‍ പാടില്ലത്രെ, അല്ലേ. ഇനി ഇപ്പോ സിനിമയില്‍ അഭിനയിക്കുമ്പോള്‍..എനിക്ക് അതൊക്കെ തമാശയായിട്ടാണ് തോന്നുന്നത്. കാരണം നമ്മുടെ എല്ലാ ആളുകള്‍ക്കും അറിയാം ആരാണ്, എന്താണെന്ന്, ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്നതാണ്. അപ്പോ, അതുപോലെ ആ നടിക്ക്, എന്തെങ്കിലും പ്രശ്നങ്ങളും കാര്യങ്ങളും ഒക്കെ ഉണ്ടായ അതെ സമയത്ത് തന്നെ അന്ന് മുഖ്യമന്ത്രിയെ വിളിച്ചു. അതുപോലെ തന്നെ നമ്മുടെ ഡിജിപി ബെഹ്റയെയും വിളിച്ചിരുന്നു.
Discussion about this post