തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം സ്ത്രീസമൂഹത്തിന് എതിരാണെന്ന് കവയിത്രി സുഗതകുമാരി. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്താല്‍ നശിച്ചു കൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. മദ്യവ്യാപനത്തിനെതിരെ കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച ജനസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഗതകുമാരി.
പുതിയ മദ്യനയം കുടുംബങ്ങളില്‍ അശാന്തി പടര്‍ത്തുന്നതിനും സ്ത്രീകളെ തീരാദു:ഖത്തിലേക്ക് തള്ളിവിടുന്നതിനും മാത്രമേ സഹായിക്കൂ. മാലിന്യം സംസ്‌കരിക്കാനും കുടിനീരിനേയും കുട്ടികളേയും സംരക്ഷിക്കാനും നമുക്ക് കഴിയുന്നുണ്ടോ? പിന്നെ എന്തിന്റെ പേരിലാണ് നമുക്ക് തലയുയര്‍ത്തി നില്‍ക്കാനും ഊറ്റം കൊള്ളാനും കഴിയുന്നത്. തെറ്റുകള്‍ മനസിലാക്കി തിരുത്തലുകള്‍ക്ക് നാമെല്ലാം തയ്യാറാകണമെന്നും അവര്‍ പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുന്നതാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. ബാര്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കിയതിലൂടെ 500 കോടി രൂപയെങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കു കിട്ടിയെന്നാണു കരുതപ്പെടുന്നത്. മദ്യവര്‍ജനവും മദ്യനിരോധനവും കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ആന്റണി സര്‍ക്കാരിന്റെ ചാരായനിരോധനവും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബാറുകള്‍ പൂട്ടിയതും പത്തുശതമാനം ചില്ലറ വില്‍പനശാലകള്‍ ഓരോ വര്‍ഷവും കുറച്ച് കൊണ്ടുവന്നതുമായ നടപടികള്‍ ഇതിന്റെ ഭാഗമാണ്. ഘട്ടംഘട്ടമായ മദ്യനിരോധനമാണ് യു.ഡി.എഫ് സര്‍ക്കാര്‍ ലക്ഷ്യംവച്ചത്. എന്നാല്‍ ജനതാല്‍പര്യമല്ല മറിച്ച് ധനതാത്പര്യമാണ് ഇടതു മദ്യനയത്തിന് പ്രേരകമായതെന്നും എം.എം.ഹസന്‍ പറഞ്ഞു.
Discussion about this post