കോട്ടയം: തിയേറ്ററില്‍ സിനിമ നടന്നു കൊണ്ടിരിക്കെ കാണികളുടെ മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിച്ച നാലംഗ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. സംക്രാന്തി വാഴക്കാലായില്‍ സിനാജ് (23), ഗാന്ധിനഗര്‍ ആണ്ടുകാലായില്‍ മുഹമ്മദ് അന്‍സില്‍ (27) എന്നിവരാണ് അറസ്റ്റിലായത്.
കോട്ടയം അഭിലാഷ് തിയേറ്ററില്‍ ശനിയാഴ്ച രാത്രി ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയുടെ സെക്കന്‍ഡ് ഷോ നടക്കുന്ന സമയത്താണ് ഗുണ്ടാസംഘം കുരുമുളക് സ്പ്രേ അടിച്ച് ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
തിയേറ്ററിനുള്ളില്‍ പാക്കില്‍ നാട്ടകം ഭാഗത്തുനിന്നും വന്നവര്‍ സംക്രാന്തി സ്വദേശിയുമായി വാക്കുതര്‍ക്കവും അടിയും ഉണ്ടായി. ഇതേ തുടര്‍ന്ന് സംക്രാന്തി സ്വദേശി നാലംഗ ഗുണ്ടാ സംഘത്തെ തിയേറ്ററിലേക്കു വിളിച്ചുവരുത്തി.
കുരുമുളക് പൊടി സ്പ്രേ ചെയ്തതിനെത്തുടര്‍ന്നു ശ്വാസംമുട്ടലും അസ്വസ്ഥതയും അനുഭവപ്പെട്ട കാണികളില്‍ ചിലര്‍ തിയേറ്ററില്‍നിന്നു പുറത്തേക്കോടി. ബഹളവും ഒച്ചപ്പാടും മൂലം പ്രദര്‍ശനം കുറെ സമയത്തേക്കു നിര്‍ത്തിവയ്ക്കുകയും ചെയ്തു. തിയേറ്ററിലെ സാധനസാമഗ്രികള്‍ നശിപ്പിച്ചതില്‍ പതിനായിരക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായതായി തീയേറ്റര്‍ ഉടമകള്‍ ആരോപിച്ചു.
Discussion about this post