കൊച്ചി: ആഭ്യന്തര കലാപം രൂക്ഷമായ യെമനില്‍ നിന്ന് കൂടുതല്‍ മലയാളികള്‍ തിരിച്ചെത്തുന്നു. ഇതുവരെ മൂന്ന് മലയാളികളാണ് എത്തിച്ചേര്‍ന്നത്. ചങ്ങനാശ്ശേരി സ്വദേശി റൂബന്‍ ജേക്കബ് തിരുവനന്തപുരം വിമാനത്താവളത്തിലും,കാഞ്ഞിരപ്പിള്ളി സ്വദേശി ജേക്കബ് കോര,ഇരാറ്റുപേട്ട സ്വദേശി ലിജോ ജോര്‍ജ്ജ് എന്നിവര്‍ കൊച്ചിയിലും ഇന്ന് രാവിലെയെത്തി.
സ്വന്തം നിലയാലാണ് തിരിച്ചെത്തിയതെന്ന് ലിജോ പറഞ്ഞു. തിരിച്ചെത്താന്‍ എംബസി സഹായം ചെയ്തിരുന്നു. യെമനിലെ മലയാളികള്‍ സുരക്ഷിതരാണെന്നും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഇവര്‍ പറഞ്ഞു.
അതേസമയം യമനില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാനായി രണ്ട് കപ്പലുകള്‍ കൊച്ചിയില്‍ നിന്നു പുറപ്പെട്ടു. ദോഹയില്‍ നിന്നു പുറപ്പെട്ട ഏതാനും മലയാളികള്‍ തിരുവനന്തപുരം, കൊച്ചി, മുംബൈ വിമാനത്താവളങ്ങളില്‍ ഇന്ന് എത്തും.
കൊച്ചിയില്‍ നിന്നു കോറല്‍, കവരത്തി എന്നീ രണ്ട് കപ്പലുകളാണ്, യെമനില്‍ നിന്ന ഇന്ത്യക്കാരെ കൊണ്ടുവരാനായി പുറപ്പെട്ടത്. ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന കവരത്തി എന്ന കപ്പല്‍ തിരിച്ചു വിളിച്ചാണ് യെമനിലേക്ക് അയച്ചത്. ഇതിലെ യാത്രക്കാരെ മറ്റൊരു കപ്പലില്‍ കയറ്റിവിട്ടു. സംഘര്‍ഷ മേഖലയില്‍ നിന്ന് കഴിഞ്ഞ ദിവസം 80 ഇന്ത്യക്കാര്‍ രക്ഷപ്പെട്ടിരുന്നു. ഇതില്‍ 15 മലയാളികളാണ് ദോഹയില്‍ നിന്ന് പല സംഘങ്ങളായി നാട്ടിലേക്ക് മടങ്ങുന്നത്.
മൂവായിരത്തോളം മലയാളികളാണ് യെമനിലുള്ളത്. ഇതില്‍ 2100 പേര് തിരിച്ചുവരാന്‍ തയ്യാറാണ്. അതിനിടെ യെമനിലുള്ള പല നഴ്സുമാരുടെയും രേഖകള്‍ വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
Discussion about this post