മംഗളൂരു: ദളിത് സമുദായത്തില്‍ പെട്ടവര്‍ വെള്ളമെടുക്കുന്നത് തടയാന്‍ കിണറ്റില്‍ നിരോധിത കീടനാശിനി കലര്‍ത്തി. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് പിടികൂടി. വടക്കന്‍ കര്‍ണാടകയില്‍ കലബുറുഗി ജില്ലയിലെ ചണ്ണൂരിലാണ് സംഭവം.
ദളിത് വിഭാഗത്തില്‍പെട്ട അമലപ്പ മാങ്കയുടെ കൃഷിഭൂമി പാട്ടത്തിനെടുത്ത ഗോലപ്പ ഗൗഡയ്ക്കെതിരെയാണ് കൊലപാതകശ്രമത്തിനും പട്ടികജാതി പീഡനത്തിനുമെതിരെ കേസെടുത്തത്.
സവര്‍ണ ജാതിയില്‍ പെട്ട ഗോലപ്പ ഭൂമി പാട്ടത്തിനെടുത്തശേഷം അടുത്തുള്ള ദളിതര്‍ കിണറ്റില്‍ നിന്ന് വെള്ളമെടുക്കുന്നത് തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഇവിടെനിന്ന് വര്‍ഷങ്ങളായി വെള്ളം ശേഖരിച്ചിരുന്ന ദളിതര്‍ ഈ നീക്കത്തെ എതിര്‍ത്തു. കഴിഞ്ഞ തിങ്കളാഴ്ച ഇവിടെ വെള്ളമെടുക്കാനെത്തിയ പരിസരവാസി കിണറ്റില്‍ എണ്ണമയം കലര്‍ന്നതായി കണ്ടു. ഇതേത്തുടര്‍ന്ന് സംഭവം നാട്ടുകാരെയും തഹസില്‍ദാറെയും അറിയിച്ചു.
കിണര്‍ വറ്റിച്ച തഹസില്‍ദാര്‍ വെള്ളം രാസപരിശോധനയ്ക്കും അയച്ചു. രാസപരിശോധനയിലാണ് കിണറ്റില്‍ നിരോധിത കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ ഒഴിച്ചിരുന്നതായി വ്യക്തമായത്.
സംഭവമറിഞ്ഞ് കര്‍ണാടക പട്ടികജാതിവര്‍ഗ കമ്മിഷന് ചെയര്മാന് എ.മുനിയപ്പ സ്ഥലം സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് ഗോലപ്പ ഗൗഡയ്ക്കെക്തിരെ കേസെടുത്തത്. ദളിതര്‍ വെള്ളമെടുക്കുന്നത് തടയുവാന്‍ ഗോലപ്പ മുന്പ്് ചത്ത പശുവിനെയും നായയെയുമൊക്കെ കിണറ്റിലിട്ട സംഭവവുമുണ്ടായതായി നാട്ടുകാര്‍ അദ്ദേഹത്തോട് പരാതിപ്പെട്ടു.
Discussion about this post