മുംബൈ: ലോകത്ത് 2014ല്‍ നടപ്പാക്കിയ വധശിക്ഷകളില്‍ 72 ശതമാനവും നടന്നത് സൗദി അറബ്യ, ഇറാന്, ഇറാഖ് എന്നീ രാജ്യങ്ങളില്‍. ഏറ്റവും കൂടുതല്‍ പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത് ചൈനയാണ്.
2014ല്‍ മറ്റു ലോകരാജ്യങ്ങളെല്ലാം ചേര്‍ന്ന് നടപ്പാക്കിയതിലും കൂടുതല്‍ പേരെ മരണശിക്ഷയ്ക്ക് വിധേയമാക്കിയാണ് ചൈന മുന്നിലെത്തിയത്. എന്നാല്‍, ചൈനീസ് അധികൃതര്‍ നല്കിയ വിവരങ്ങളുടെ ആധികാരികതയില്‍ സംശയമുള്ളതിനാല്‍ എത്ര പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി എന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ നല്‍കിയിട്ടില്ല. ലഭ്യമാകുന്ന സൂചനകളനുസരിച്ച് വര്‍ഷാവര്‍ഷം ആയിരക്കണക്കിന് പേരാണ് ചൈനയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും വധശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2014 ഇന്ത്യയും ബംഗ്ലദേശും ഉള്‍പ്പെടെയുള്ള ഏഴു രാജ്യങ്ങളില്‍ വധശിക്ഷ നടപ്പാക്കിയില്ല. ബെലാറസ്, ഈജിപ്ത്, ജോര്‍ദാന്‍ എന്നിവയുള്‍പ്പെടെ ഏഴു രാജ്യങ്ങള്‍ ഒരു ഇടവേളയ്ക്ക് ശേഷം വധശിക്ഷ നടപ്പാക്കുന്നത് പുനരാരംഭിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് വധശിക്ഷ വിധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ ഇന്ത്യയുമുണ്ട്. 2014ല്‍ 64 പേര്‍ക്കാണ് ഇന്ത്യന്‍ കോടതികള്‍ വധശിക്ഷ വിധിച്ചത്. 2013ല്‍ ഏറ്റവും കൂടുതല്‍ പേരുടെ വധശിക്ഷ നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ആദ്യ ഏഴിലുണ്ട്. 2014ല്‍ ഇന്ത്യ ഒരു വധശിക്ഷ പോലും നടപ്പാക്കിയില്ലെന്നും രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റന്‍നാഷണല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post