പാരിസ്: അല്‍ ഖ്വയ്ദയെ സജീവമാക്കാന്‍ ഒസാമ ബിന്‍ ലാദന്റെ മകന് എത്തുന്നതായി റിപ്പോര്‍ട്ട്. ഒസാമയുടെ മകന് ഹംസ സംഘടനയുടെ നേതൃത്വത്തിലേക്ക് എത്തുമെന്ന വാര്‍ത്തകള്‍ നേരത്തെ മുതല്‍ പ്രചരിച്ചിരുന്നുവെങ്കിലും അല്‍ ഖ്വയ്ദയില് നിന്ന് തന്നെ ഇതുസംബന്ധിച്ചുള്ള സൂചനകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
അല്‍ ഖ്വയ്ദ ആസൂത്രണം ചെയ്ത് നടപ്പാക്കിയ യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രണത്തിന്റെ 16ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടന പുറത്തുവിട്ടചിത്രങ്ങളിലാണ് ലാദന്റെ മകന് ഹംസ, സംഘടയുടെ നേതൃത്വത്തിലേക്ക് വരുന്നതായ വ്യക്തമായ സൂചനകളുള്ളത്. ജിഹാദിന്റെ രാജകുമാരന് എന്നാണ് 28 വയസുകാരനായ ഹംസയെ വിശേഷിപ്പിപ്പിക്കുന്നത്. ഹംസ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സംഘടനയുടെ തലപ്പത്ത് എത്താന്‍ ശ്രമിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇറാഖിലും സിറിയയിലുമടക്കം ഇസ്ലാമിക് സ്റ്റേറ്റിന് (ഐഎസ്) ക്ഷീണം സംഭവിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അല്‍ ഖ്വയ്ദയെ പുനരുജ്ജീവിപ്പിക്കാനാണ് ഹംസയുടെ നേതൃത്വത്തില്‍ ശ്രമം നടന്നുകൊണ്ടിരിക്കുന്നത്. വിവിധ രാജ്യങ്ങിളിലെ ഭീകരസംഘടനകളെ അല്‍ ഖ്വയ്ദയുടെ കീഴില്‍ ഏകോപിക്കാനാണ് ഹംസയുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ജനുവരിയില്‍ അമേരിക്ക ഹംസയെ ആഗോള ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബിന്‍ലാദന്റെ പ്രസംഗ ശൈലിതന്നെയാണ് ഹംസയും പിന്തുടരുന്നത്. ചിലപ്പോള്‍ ബിന്‍ലാദന്റെ അതേ വാചകങ്ങളും ഉപയോഗിക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഹംസയുടെ നാല് ശബ്ദ സന്ദേശങ്ങളാണ് പുറത്തുവന്നത്.
ബിന്‍ ലാദന്റെ മൂന്നാമത്തെ ഭാര്യയിലുള്ള മകനാണ് ഹംസ. ലാദന്റെ 20 മക്കളില്‍ പതിനഞ്ചാമനാണ് ഹംസ. 2011 മെയ് രണ്ടിന് പാകിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിച്ച് താമസിക്കുകയായിരുന്ന ബിന്‍ലാദനെ അമേരിക്ക രഹസ്യ കമാന്‍ഡോ ഓപ്പറേഷനിലൂടെ വധിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒസാമ ബിന്ലാദന് ഹംസ എഴുതിയിരുന്ന കത്തുകള്‍ കണ്ടെടുത്തിരുന്നു.
ഈ കത്തുകള്‍ കണ്ട അമേരിക്കന്‍ എഫ്ബിഐ ഏജന്റ് അലി സൗഫാന്‍, അല്‍ ഖ്വയ്ദ നേതൃത്വം ഹംസ ഏറ്റെടുക്കുമെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണത്തിന് ശേഷം എഫ്ബി ഐയുടെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു അലി സൗഫാന്‍. ലാദന്റെ അതേ ജീവിതരീതി പിന്തുടരുകയും, എതിരാളികളെ ക്രൂരമായി കൊല്ലണമെന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഹംസയെന്ന് അലി സൗഫാന്‍ പറഞ്ഞിരുന്നു.
‘അച്ഛന് എന്നോട് പറഞ്ഞ ഓരോ വാക്കും ഞാന്‍ ഓര്‍മിക്കുന്നു. അദ്ദേഹത്തിന്റെ ഓരോ ചിരിയും, ഓരോ നോട്ടവും ഞാന്‍ ഓര്‍ക്കുന്നു. ഉരുക്കില്‍ രൂപപ്പെടുത്തിയതാണെന്ന് ഞാന്‍ സ്വയം കരുതുന്നു.ദൈവത്തിന് പകരമായി ജിഹാദിലേക്കുള്ള വഴി നമ്മുടെ ജീവിതം തന്നെയാണ്’ ഹംസയുടെ ഒരു കത്ത് ഇപ്രകാരമായിരുന്നുവെന്ന് അലി സൗഫാന്‍ പറഞ്ഞു.
Discussion about this post