പാലക്കാട്: വീട്ടില്‍ മുഴുപട്ടിണിയെ തുടര്‍ന്ന് അമ്മ അഞ്ച് മക്കളെ അഗതി മന്ദിരത്തിന് കൈമാറി. പാലക്കാട് കണ്ണാടി സ്വദേശിയായ വീട്ടമ്മയാണ് മൂന്ന് പെണ്‍കുട്ടികളടക്കം അഞ്ച് കുട്ടികളെ ഇടത്തനാട്ടുകരയിലെ അഗതി മന്ദിരത്തിലാക്കിയത്. മാതൃഭൂമി ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.
10, ഏഴ്, അഞ്ച് വയസ് പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളേയും എട്ടും ആറും വയസ് പ്രായമുള്ള ആണ്‍കുട്ടികളേയുമാണ് അമ്മ യത്തീംഖാനയിലാക്കിയത്. പുറമ്പോക്കില്‍ ഓലക്കുടിലില്‍ പട്ടിണിയില്‍ കഴിയുന്നതിലും ഭേദം മക്കള്‍ അഗതി മന്ദിരത്തില്‍ താമസിക്കുന്നതാണെന്ന് വീട്ടമ്മ പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സാക്ഷ്യപ്പെടുത്തി വില്ലേജ് ഓഫീസര്‍ നല്കിയ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 24നാണ് അഞ്ച് കുട്ടികളേയും മണ്ണാര്‍ക്കാട് എത്താനാട്ട് കരയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഏറ്റെടുത്തത്. കുട്ടികളുടെ ഭാവിക്ക് അതാണ് നല്ലതെന്നാണ് പ്രദേശവാസികളുടേയും അഭിപ്രായം.
കുട്ടികളുടെ പിതാവ് കൂലിപ്പണിക്കാരനാണ്. ഇയാള്‍ പണിയെടുത്ത് ലഭിക്കുന്ന പണം കുടുംബം നോക്കാന്‍ നല്‍കാറില്ലെന്ന് നാട്ടുകാരും പറയുന്നു. പ്രണയിച്ചു വിവാഹം ചെയ്ത ഇരുവരും കുടുംബക്കാരുമായി നല്ല ബന്ധത്തിലുമല്ല. ഈ സാഹചര്യത്തിലാണ് അമ്മ അഞ്ച് മക്കളേയും അഗതി മന്ദിരത്തില്‍ ചേര്‍ത്തത്.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ജില്ലാ കളക്ടര്‍ക്കും സാമൂഹ്യനീതി വകുപ്പിനും നിര്‍ദേശം നല്കി.
Discussion about this post