കാന്‍പുര്‍: ന്യൂസിലണ്ടിനെതിരെ കാന്‍പുര്‍ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ റണ്‍ മല പടുത്തുയര്‍ത്തി ഇന്ത്യ. പരമ്പര വിജയികളെ നിശ്ചയിക്കുന്ന നിര്‍ണായക മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ന്യൂസീലന്‍ഡിനു മുന്നില്‍ ഉയര്‍ത്തിയത് 338 റണ്‍സിന്റെ വിജയലക്ഷ്യം.
നിശ്ചിത 50 ഓവറില്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് നേടി. ഓപ്പണര്‍ രോഹിത് ശര്‍മ (138 പന്തില്‍ 147), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (106 പന്തില്‍ 113 റണ്‍സ്) എന്നിവരാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.
39.5 ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 250 കടന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ധോണിയും കേദാര്‍ ജാദവുമാണ് ഇന്ത്യന്‍ സ്കോര്‍ 330 കടത്തിയത്. ധോണി 16 പന്തില്‍ മൂന്നു ബൗണ്ടറികള്‍ ഉള്‍പ്പെടെ 25 റണ്‍സും ജാദവ് 10 പന്തില്‍ 18 റണ്‍സും നേടി.
സെഞ്ച്വറി നേടിയതോടെ ഏകദിനത്തില്‍ അതിവേഗത്തില്‍ 9000 റണ്‍സ് തികയ്ക്കുന്ന താരമായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. കോഹ്ലിയുടെ 194-ാം ഇന്നിങ്സായിരുന്നു ഇത്. 205 ഇന്നിങ്സില്‍ ഈ നേട്ടം കൈവരിച്ച എ.ബി. ഡിവില്ല്യേഴ്സിന്റെ നേട്ടമാണ് പഴങ്കഥയായത്. 2017ല്‍ 2000 റണ്‍സ് കടക്കുന്ന ആദ്യ ബാറ്റ്സ്മാനും കോഹ്ലി തന്നെ. 32-ാം സെഞ്ചുറി തികച്ച കോഹ്ലി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ആറ് സെഞ്ചുറി തികയ്ക്കുന്ന ആദ്യത്തെ ക്യാപ്റ്റനെന്ന അപൂര്‍വ്വ നേട്ടവും സ്വന്തമാക്കി.
Discussion about this post