ഡൽഹി: രാജ്യത്തെ മൊബൈൽ നമ്പരുകൾ ഏകീകൃത തിരിച്ചറിയൽ രേഖയായ ആധാറുമായി ബന്ധിപ്പിക്കുന്നത് സ്‌റ്റേ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ കൂടുതൽ വ്യക്തത വരുത്തണമെന്നും കോടതി നിരീക്ഷിച്ചു. ഉപഭോക്താക്കളെ എല്ലാ കാര്യങ്ങളും കൃത്യമായി അറിയിക്കണം. ജനങ്ങളെ പരിഭ്രാന്തരാക്കരുത്. എന്നാൽ ഇക്കാര്യത്തിലെ അന്തിമ തീരുമാനം ഭരണഘടമാ ബെഞ്ച് എടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അടുത്ത വർഷം ഫെബ്രുവരി ആറിനകം രാജ്യത്തെ എല്ലാ മൊബൈൽ നമ്പരുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതുകൂടാതെ രാജ്യത്ത് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിനും ആധാർ നിർബന്ധമാണെന്നും മൊബൈൽ ആധാറുമായി ലിങ്ക് ചെയ്യുന്നതിന് സുപ്രീം കോടതിയാണ് അനുമതി നൽകിയതെന്നും അഡ്വ. സൊഹേബ് ഹുസൈൻ വഴി സമർപ്പിച്ച 113 പേജുള്ള സത്യവാങ്മൂലത്തിൽ കേന്ദ്രം പറഞ്ഞിരുന്നു. ആധാർ മൊബൈൽ നമ്പരുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കുന്നതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാർ വിശദീകരണം നൽകിയത്.
Discussion about this post