മലയാള സിനിമയില്‍ അഭിനയിക്കാന്‍ റോള്‍ തേടി പ്രമുഖ സംവിധായകന്റെ അടുത്തെത്തിയപ്പോള്‍ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് നടി ദിവ്യ ഉണ്ണി. രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കില്‍ മനോജ് ബാജ്പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ട നടിയാണ് ദിവ്യ ഉണ്ണി. റോയിട്ടേഴ്സിന് നല്കിയ അഭിമുഖത്തിലാണ് ദിവ്യ ഉണ്ണി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്.
‘കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഒറ്റയ്ക്കായിരുന്നതുകൊണ്ട് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നിരുന്നാലും മനസില്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാന്‍ അയാളെ കാണാന്‍ പോയത്. രാത്രിയില്‍ സംവിധായകര്‍ നടിമാരെ ഹോട്ടല്‍ റൂമുകളിലേക്ക് വിളിച്ചുവരുത്തുന്നതിനെ കുറിച്ചൊക്കെ ഞാന്‍ കേട്ടിരുന്നു. രാത്രി 9 മണിക്കാണെങ്കിലും, ശുപാര്‍ശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല. എന്നാല്‍ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നിട്ട് അയാള്‍ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയില്‍ സംവിധായകന്റെയോ, നിര്‍മ്മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല’
അതേസമയം സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ ദിവ്യ തയ്യാറായില്ല. സിനിമയില്‍ റോള്‍ കിട്ടാതെ ദിവ്യ പിറ്റേന്ന് മുംബൈയ്ക്ക് വിമാനം കയറുകയും ചെയ്തു. നടന് മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ ദിവ്യ ഉണ്ണി. ലോകത്തിലെ മികച്ച നടനാണ് ലാലേട്ടനെന്ന് പറയുന്നു.
മലയാളികളായ ദിവ്യയുടെ മാതാപിതാക്കള്‍ 50 വര്‍ഷം മുമ്പ് മുംബൈയിലേക്ക് കുടിയേറിയവരാണ്.
Discussion about this post