വാഷിംഗ്ടണ്‍: സാമ്പത്തിക അവസരങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും, സമഗ്രമായ വളര്‍ച്ചയ്ക്കും ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍കാ ട്രംപ്. ഇന്ത്യയും അമേരിക്കയും പരസ്പര സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഉച്ചകോടി ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദവും, സാമ്പത്തികസുരക്ഷാ പങ്കാളിത്തവും കൂടുതല്‍ ദൃഢമാക്കുന്നതിന് സഹായിക്കുമെന്നും ഇവാന്‍കാ കൂട്ടിച്ചേര്‍ത്തു. ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഉച്ചകോടിയുടെ ഭാഗമായി ഹൈദരാബാദില്‍ എത്തുന്നതിനു മുന്‍പായിരുന്നു ഇവാന്‍കയുടെ പ്രസ്താവന.
ഉച്ചകോടിയില്‍ പങ്കെടുക്കുന്നവരില്‍ 52.5 ശതമാനം സ്ത്രീകളാണെന്നും, 127 രാജ്യങ്ങളില്‍ നിന്നാണ് ഇവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്നതെന്നും ഇവാന്‍കാ വിശദീകരിച്ചു. ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഉച്ചകോടിയിലൂടെ ഇരു രാജ്യങ്ങളുടെ മാത്രമല്ല ആഗോളതലത്തില്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടാക്കുകയും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും, സംരംഭകത്വത്തിന് പ്രോല്‍സാഹനം നല്‍കുകയുമാണ് ലക്ഷ്യമാക്കുന്നതെന്ന് ഇവാന്‍കാ പറഞ്ഞു.
അഫ്ഗാനിസ്ഥാന്, സൗദി അറേബ്യ, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വനിത പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഉച്ചകോടി വ്യവസായ സംരംഭകര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണ്.
അവരവരുടെ ആശയങ്ങള്‍ പങ്കിടാനും, സുരക്ഷിതമായ ഫണ്ടിംഗ് കണ്ടെത്താനും എല്ലാം സഹായകമാകുന്നതാണ് ഉച്ചകോടി.
നവംബര്‍ 28 ന് ആരംഭിക്കുന്ന ത്രിദിന ഉച്ചകോടി ആഗോളതലത്തില്‍ ബിസിനസ്സ് വളര്‍ത്തുക എന്ന ലക്ഷ്യമാണ് മുന്നോട്ടുവെയ്ക്കുന്നത്. ഉച്ചകോടിയില്‍ 170 രാജ്യങ്ങളില്‍ നിന്നുള്ള 1500 സംരംഭകര്‍ പങ്കെടുക്കും. ഏകദേശം 350 പേര് അമേരിക്കയില്‍ നിന്നും പങ്കെടുക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലെ മുഖ്യ അതിഥിയായിരിക്കും ഇവാന്‍കാ ട്രംപ്.
സാമ്പത്തിക അവസരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വളര്‍ച്ച വര്‍ദ്ധിപ്പിക്കാനായി ഇന്ത്യയും അമേരിക്കയും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും ചര്‍ച്ചകള്‍ നടത്താന്‍ കാത്തിരിക്കുകയാണെന്നും ഇവാന്‍കാ വ്യക്തമാക്കി.
Discussion about this post