റിയാദ്: സൗദി അറേബ്യയെ വിറപ്പിച്ച് തലസ്ഥാനമായ റിയാദില്‍ ശക്തമായ സ്ഫോടനം. റിയാദിനെ ലക്ഷ്യമിട്ട് മിസൈല്‍ വന്നതായും തലസ്ഥാനം പുകയില്‍ മുങ്ങിയിരിക്കുകയാണെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള അല്‍ അറബിയ്യ ചാനലാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. തൊട്ടുപിന്നാലെ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത നല്കി.
ബാലസ്റ്റിക് മിസൈലാണ് റിയാദിലേക്ക് എത്തിയതെന്ന് സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയും ശരിവച്ചു. യമനിലെ ഹൂതികളാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മിസൈല്‍ തലസ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് തന്നെ തകര്‍ക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. സൗദി സഖ്യ സേനയും ഇക്കാര്യം ശരിവച്ചു. ആക്രമണമുണ്ടായെന്നും മിസൈല്‍ തകര്‍ത്തുവെന്നും അവര്‍ അറിയിച്ചു.
റിയാദിന്റെ തെക്കന്‍ മേഖലയില്‍ വച്ചാണ് മിസൈല്‍ തകര്‍ത്തത്. വോള്‍ക്കാനോ 2എച്ച് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ അവകാശപ്പെട്ടു.ഹൂതി വക്താവ് ട്വിറ്ററിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചത്. അല്‍ യമാമ കൊട്ടാരം ആക്രമിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി. സൗദി നേതൃത്വങ്ങള്‍ കൊട്ടാരത്തില്‍ ഒരുമിച്ച് ചേരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്.
ശക്തമായ സ്ഫോടന ശബ്ദം കേട്ടെന്ന് പരിസരവാസികളും പറഞ്ഞു. മിസൈല്‍ ആകാശത്ത് വച്ച് തകര്‍ത്തതിനെ തുടര്‍ന്നാണ് സ്ഫോടന ശബ്ദം കേട്ടതെന്നാണ് കരുതുന്നത്. സ്ഫോടന ശബ്ദം കേട്ട സ്ഥലത്ത് പുക നിറഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പങ്കുവച്ചു. നാശനഷ്ടങ്ങള്‍ നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. അല്‍ അറബിയ്യയും റോയിട്ടേഴ്സും നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post