വിശാഖപട്ടണം: പാര്‍ട്ടി കോണ്‍ഗ്രസ് നാളെ അവസാനിക്കാനിരിക്കെ സിപിഎമ്മില്‍ പുതിയ ജനറല്‍ സെക്രട്ടറി ആരാവുമെന്ന കാര്യത്തില്‍ ഭിന്നത് തുടരുന്നു. വി.എസ്.അച്യുതാനന്ദനെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തുമോ എന്നതിലും ചിത്രം തെളിഞ്ഞിട്ടില്ല.
ഞായറാഴ്ച രാവിലെ ചേരുന്ന കേന്ദ്ര കമ്മിറ്റിയാണ് പുതിയ കേന്ദ്ര കമ്മിറ്റിക്കുള്ള ഔദ്യോഗിക പാനലും പുതിയ ജനറല്‍ സെക്രട്ടറിയെയും പി.ബി.അംഗങ്ങളെയും നിശ്ചയിക്കുക. നിര്‍ണായക പിബി യോഗം ഇന്ന് ചേരുന്നുണ്ട്.
ഇതിനിടെ സീതാറാം യെച്ചൂരിയ്ക്ക് പിന്തുണയുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. ബുദ്ധദേവ് ഭട്ടാചാര്യ, നിരുപമ സെന്‍ എന്നിവര്‍ യെച്ചൂരിയ്ക്ക് പിന്തുണ അറിയിച്ച് പ്രകാശ് കാരാട്ടിന് കത്ത് നല്കി. മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന് യെച്ചൂരിയ്ക്ക് പരസ്യമായി വിജയാശംസകള്‍ നേര്‍ന്നു. താനാണ് യെച്ചൂരിയ്ക്ക് ആദ്യം പിന്തുണ അറിയിച്ചതെന്ന് വി.എസ് പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയുടെ വിജയമാണ് പ്രധാനം എന്നായിരുന്നു സീതാറാം യെച്ചൂരിയുടെ മറുപടി. ഹോട്ടലില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് വിഎസും, യെച്ചൂരിയും കണ്ടത്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യെച്ചൂരിയും ആര്.രാമചന്ദ്രന് പിള്ളയും ശക്തിയായി നിലയുറപ്പിച്ചിരിക്കെ, അവസാനം സമാവായമുണ്ടാവുമെന്നാണ് ഇപ്പോഴും പ്രതീക്ഷ. എസ്.രാമചന്ദ്രന് പിള്ളയ്ക്ക് കേരള ഘടകം ശക്തിയായ പിന്തുണ നല്കുമ്പോള് യെച്ചൂരിക്കായി മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തി. മണിക് സര്‍ക്കാര്‍, ബുദ്ധദേവ് ഭട്ടാചാര്യ, ബിമന്‍ബോസ് എന്നിവര്‍ യെച്ചൂരിക്ക് അനുകൂലമായ നിലപാട് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇന്നലെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തി. മണിക് സര്‍ക്കാരിനെ ഹോട്ടല്‍ മുറിയില്‍ ചെന്ന് കണ്ടു. ബുദ്ധദേവ് ഭട്ടാചാര്യ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നില്ലെങ്കിലും ഫോണില്‍ കാരാട്ട് അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടു.
വി.എസിനെ കേന്ദ്രകമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാവായി നിലനിര്‍ത്തുമെന്നാണ്
ഇപ്പോഴത്തെയും സൂചന.
കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്ന് എ.കെ.ബാലന്, എം.വി.ഗോവിന്ദന് മാസ്റ്റര്‍, എളമരം കരീം, കെ.രാധാകൃഷ്ണന് എന്നിവരില്‍ മൂന്ന് പേര് വരാന്‍ സാദ്ധ്യതയുണ്ട്.
ജി.സുധാകരനെ കേന്ദ്ര കമ്മിറ്റിയിലേക്ക് നേതൃത്വം പരിഗണിച്ചെങ്കിലും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ തവണ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പേര് നിര്‍ദ്ദേശിച്ചപ്പോഴും അദ്ദേഹം വിസമ്മതം അറിയിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയ്ക്ക് പാര്‍ട്ടിയോടുള്ള കടമ നിറവേറ്റാന്‍ കഴിയുന്നുണ്ടെന്നാണ് സുധാകരന്റെ നിലപാട്.
വനിതകളെയും പട്ടിക വിഭാഗക്കരെയും നേതൃനിരയിലേക്ക് കൊണ്ടു വരാന്‍ പാര്‍ട്ടി നേതൃത്വം ഇത്തവണ പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്.
യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ട് വരണമെന്ന ആവശ്യവും ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്.
Discussion about this post