ആലപ്പുഴ: വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ച് ബീഫ് കഴിപ്പിച്ചുവെന്ന ആരോപണം പൂര്‍ണ്ണമായും തള്ളി പുളിങ്കുന്ന എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാളിന്റെ ഫേസ് ബുക്ക് കുറിപ്പ്. വെജ്ജും നോണ്‍ വെജ്ജുമുണ്ടെന്ന് പറഞ്ഞിട്ടു തന്നെയാണ് ഉത്തരേന്ത്യയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് കട്ലറ്റ് വിതരണം ചെയ്തതെന്നാണ് പ്രിന്‍സിപ്പാള്‍ സുനില്‍ കുമാര്‍ എന്‍ പറയുന്നത്.
വിവാദത്തെ തുടര്‍ന്ന് ;പ്രിന്‍സിപ്പാളിന് പിന്തുണയറിയിച്ച് ഉള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് കാര്യങ്ങള്‍ വിശദീകരിച്ചുള്ള പ്രിന്‍സിപ്പാളിന്റെ ഫേസ്ബുക്ക് കമന്റ്
കൊച്ചിന് ശാസ്ത്രസാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലെ പുളിങ്കുന്ന് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് തങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബീഫ് കട്ലറ്റ് കഴിപ്പിച്ചുവെന്ന പരാതിയുമായി രംഗത്ത് നടത്തിയത്. വ്യാഴാഴ്ച കോളേജില്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ ബാങ്കിങ്ങിനെ പറ്റിയുള്ള സെമിനാറില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ചായയ്ക്കൊപ്പം കട്ലറ്റ് വിതരണം ചെയ്തിരുന്നു. ഇത് ബീഫ് കട്ലെറ്റ് ആണെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആരോപണം.
പ്രിന്‍സിപ്പാളുടെ വിശദീകരണം-
ജനവരി 10 നും 15 നുമിടയ്ക്ക് Financial Literacy Cetnre, വെളിയനാട് എന്ന സ്ഥാപനത്തില്‍ നിന്നും ‘Digital banking awareness’ നെപ്പറ്റി ക്ലാസ്സ് എടുക്കാമെന്ന് പറഞ്ഞ് കാനറാ ബാങ്കിലെ ഒരു റിട്ടയര്‍ഡ് ഉദ്യോഗസ്ഥന് എന്നെ സമീപിച്ചു. കുട്ടികള്‍ക്ക് പ്രയോജനപ്രദമാകുമെന്ന് കണ്ട് ഞാന്‍ അത് അനുവദിച്ചു. അതിന്റെ ചിലവുകളെല്ലാം തങ്ങള്‍ വഹിച്ചുകൊള്ളാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 25ന് ഉച്ചകഴിഞ്ഞ് നടന്ന പരിപാടിയില്‍ എസ്ബിഐ, എസ്ഐബി എന്നിവിടങ്ങളിലെ അസിസ്റ്റന്റ് മാനേജര്‍മാരും പങ്കെടുത്തിരുന്നു. കോളേജിലെ ഒരു അദ്ധ്യാപകനെ ഈ പരിപാടിയില്‍ സഹായിക്കാനായി ഞാന്‍ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു നോട്ട് പാഡ്, പേന, ബാങ്കുകളുടെ ലീഫ് ലെറ്റുകള്‍ എന്നിവ അവര്‍ സെമിനാര്‍ ഹാളില്‍ കൂടിയ 80 100 ഓളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം ഞാന്‍ മറ്റൊരു മീറ്റിംഗിനായി പോയി. പരിപാടിയുടെ അവസാനത്തോടെ അവര്‍, പുറത്തു നിന്നും തങ്ങള്‍ വാങ്ങിക്കൊണ്ടുവന്ന വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായ സ്നാക്സും ബിസ്ക്കറ്റുകളും മൂന്നു പാത്രങ്ങളിലായെടുത്ത് കോളേജിലെ ഓഫീസ് ജീവനക്കാര്‍ മുഖേന വിതരണം നടത്തിയെന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കി. വെജ്ജും നോണു മുണ്ടെന്ന് പറഞ്ഞിട്ടു തന്നെയാണ് ഉത്തരേന്ത്യയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് വിതരണം ചെയ്തത്. നോണ്‍ വെജ് കട് ലേറ്റില്‍ പകുതിയിലേറെയും തിരിച്ചു വരികയുമുണ്ടായി.
അതിന്റെ പിറ്റേ ദിവസമാണ് കുട്ടികള്‍ ജില്ലാ കളക്ടറേയും പത്രമാധ്യമങ്ങളേയുമൊക്കെ കാണാനാരംഭിച്ചത്. പ്രിന്‍സിപ്പല്‍ അവരെ നിര്‍ബ്ബന്ധിച്ച് ബീഫ് കഴിപ്പിച്ചെന്നായിരുന്നു പരാതി. സര്‍വ്വകലാശാലാ അധികാരികളോട് പരാതിപ്പെടാതെ മാധ്യമ ശ്രദ്ധയില്‍ കാര്യങ്ങള്‍ കൊണ്ടുവരാനായിരുന്നു, ചിലരുടെ ശ്രമം. ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ക്കാവശ്യമായ മേമ്പൊടികളോടെ വാര്‍ത്ത ഇപ്പോള്‍ സെന്‍സേഷണല്‍ ആയിട്ടുണ്ടെന്നും കമന്റില്‍ പറയുന്നു
Discussion about this post