സെഞ്ചൂറിയന്‍ : ഡര്‍ബനിലെ ചരിത്രവിജയത്തിന് ശേഷം വിരാട് കൊഹ്ലിയും സംഘവും ഇന്ന് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് സെഞ്ചൂറിയനിലിറങ്ങുന്നു. കഴിഞ്ഞമാസം ഒടുവില്‍ ജോഹന്നസ്ബര്‍ഗില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ അട്ടിമറി വിജയം നേടിയ ഇന്ത്യ തൊട്ടുപിന്നാലെ ആറ് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യമത്സരത്തില്‍ ഡര്‍ബനില്‍ ആറ് വിക്കറ്റിനാണ് വിജയിച്ചത്. ഡര്‍ബനിലെ ആദ്യജയം കൂടിയായി ഇത്. നായകന് വിരാട് കൊഹ്ലിയുടെ സെഞ്ച്വറിയും (112), മദ്ധ്യനിര ബാറ്റ്സ്മാന് അജിങ്ക്യ രഹാനെയുടെ അര്‍ദ്ധ സെഞ്ച്വറിയുമാണ് (79) ഇന്ത്യയെ ഡര്‍ബനിലെ ആദ്യ വിജയത്തിലേക്ക് നയിച്ചത്.
ഡര്ബനെപ്പോലെ വിജയം അന്യമായിരുന്ന വേദിയല്ല സെഞ്ചൂറിയന്‍, ഇവിടെ ഇന്ത്യ 11 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ളതില്‍ നാല് വിജയങ്ങള്‍ നേടിയിട്ടുണ്ട്. അഞ്ച് മത്സരങ്ങളെ തോറ്റിട്ടുള്ളൂ. 2003 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തകര്‍പ്പന്‍ വിജയം നേടിയത് ഇവിടെ വച്ചായിരുന്നു. ഇവിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ രണ്ട് വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സ്വന്തം മണ്ണിലെ ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ 17 ഏകദിന വിജയങ്ങള്‍ക്ക് അറുതി വരുത്തിയാണ് ഇന്ത്യ ഡര്‍ബനില്‍ ജയിച്ചത്.
പരിക്കേറ്റ എ.ബി. ഡിവില്ലിയേഴ്സിനൊപ്പം ദക്ഷിണാഫ്രിക്കന്‍ നായകന് ഹാഫ് ഡുപ്ളെസിയും ഇന്ന് കളിക്കാനുണ്ടാവില്ല. ഡുപ്ളെസിക്ക് പകരം യുവതാരം എയ്ഡന്‍ മാര്‍ക്രമാണ് ഇന്ന് ആതിഥേയരെ നയിച്ചിറങ്ങുന്നത്.
Discussion about this post