ബംഗാളില്‍ മെയ് 1,3,5 തീയതികളിലായി നടത്താനിരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറ്റ് പാര്‍ട്ടികളില്‍ പെട്ടവരെ നാമനിര്‍ദേശപത്രിക നല്കുന്നതില് നിന്ന് തടയുകയാണെന്ന് പറഞ്ഞ് ബി.ജെ.പി നല്കിയ പരാതിയെത്തുടര്‍ന്നാണ് ഈ നടപടി.
ഇതിന് മുമ്പ് ഇതേ കാര്യം പറഞ്ഞ് ബി.ജെ.പി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ സുപ്രീംകോടതി ഇടപെടില്ലെന്ന് പറഞ്ഞതോടെ ബി.ജെ.പി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം നീട്ടിനല്‍കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏപ്രില്‍ 2 മുതല്‍ 9 വരെയായിരുന്നു നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം. ഇത് 10ാം തീയതി വരെ നീട്ടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. എന്നാല്‍, 12 മണിക്കൂറിനുള്ളില്‍ വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ റദ്ദാക്കുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷനോട് ഏപ്രില്‍ 16ന് ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസും കോടതി വിധിയെ സ്വാഗതം ചെയ്തു.
Discussion about this post