ഡല്‍ഹി: രാജ്യത്തെ മുസ്ലിം നേതാക്കളുടെ പേരില്‍ പുതിയ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കൊണ്ടുവരാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആലോചിയ്ക്കുന്നു. സ്വാതന്ത്ര്യ സമരത്തിലും മറ്റും പങ്കെടുത്ത ദേശീയ നേതാക്കളുടെ പേരില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാനാണ് കേന്ദ്രനീക്കം.
ന്യൂനപക്ഷങ്ങളുടെ കൂടെ വിശ്വാസം ആര്‍ജിക്കുന്നതിന്റെ ഭാഗമായാണ് മണ്മറഞ്ഞ മുസ്ലിം നേതാക്കളുടെ പേരില്‍ കേന്ദ്രം പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്.
സ്വാതന്ത്ര്യസമര സേനാനികളായ അഷ്ഫാഖുല്ല ഖാന്, അബ്ബാസ് ത്വയ്യിബ്ജി, ഉബൈദുല്ല സിന്ധി, വക്കം മൗലവി എന്നിവര്‍ക്കു പുറമേ, മുഗള്‍ രാജാവ് ദാരാ ഷിക്കോവ്, മഹാകവി അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍, യൂനാനി പണ്ഡിതന് ഹകിം അജ്മല്‍ ഖാന് തുടങ്ങിയവരുടെ പേരുകളാണ് സര്‍ക്കാറിന്റെ പരിഗണനയിലുള്ളത്.
മൗലാനാ മുഹമ്മദലിയുടെയും ഷൗക്കത്തലിയുടെയും ഉമ്മയായ ബിയ്യുമ്മ, ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ അവധ് രാജ്ഞി, ബീഗം ഹസ്രത് മഹല്‍ തുടങ്ങിയ വനിതാരത്നങ്ങളുടെ പേരും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
കേന്ദ്രന്യൂനപക്ഷ വകുപ്പു മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിക്കാണ് പദ്ധതികളുടെ മേല്‍നോട്ടം. മുസ്ലിം നേതാക്കള്‍ക്ക് പുറമേ, ക്രിസ്ത്യന്‍, പാഴ്സി നേതാക്കളുടെ പേരുകളിലും പദ്ധതികള്‍ ആരംഭിക്കാന്‍ ആലോചനയുണ്ട്. ടി.എം വര്‍ഗീസ്, ജോര്‍ജ് ജോസഫ്, ഫിറോസ് ഷാ മേത്ത, ഭികാജി റുസ്തോ കാമ തുടങ്ങിയവരുടെ പേരുകളാണ് ഈ മതവിഭാഗങ്ങളില്‍ നിന്ന് ആലോചനയിലുള്ളത്.
Discussion about this post