4,000 വര്‍ഷം മുമ്പ് ഭൂമിക്കടിയില്‍ അപ്രത്യക്ഷയായ സരസ്വതി നദിയെ വീണ്ടും കണ്ടെത്തിയെന്ന വാര്‍ത്ത ഭാരതീയ സംസ്‌കൃതിയ്ക്ക് നല്‍കുന്ന സന്തോഷം ചെറുതല്ല. ഹരിയാനിലെ യമുനനഗറിലെ മുഗള്‍വാലി ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം സരസ്വതി നദി പ്രത്യക്ഷയായത്.
ഹൈന്ദവ വിശ്വാസമനുസരിച്ച് പുണ്യ നദിയാണ് സരസ്വതി. 4000 വര്‍ഷം മുമ്പ് നടന്ന ഭൂകമ്പത്തിലാണ് നദി ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷയായത്.
ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റെ നദി പുനര്‍ജീവന പദ്ധതി പ്രകാരം സരസ്വതി നദിയെ തിരികെ കൊണ്ടുവരാന്‍ ശ്രമം നടക്കുകയായിരുന്നു. നദി അപ്രത്യക്ഷയായെന്ന് വിശ്വസിക്കുന്ന സ്ഥലത്ത് 80 ആളുകള്‍ ചേര്‍ന്ന് ഏപ്രില്‍ 21ാം തീയതി മുതല്‍ കുഴിക്കുന്നുണ്ടായിരുന്നു. കുഴിയെടുക്കവേ പെട്ടന്നാണ് മണ്ണില്‍ നനവ് ശ്രദ്ധിച്ചത്. കൂടുതല്‍ കുഴിച്ചതോടെ നദി ഭൂമിക്കടിയില്‍ നിന്നും കുത്തി ഒലിച്ചു വന്നു. പുണ്യനദിയായ സരസ്വതി വീണ്ടും പ്രത്യക്ഷയായതിന്റെ ആഘോഷത്തിലാണ് ഗ്രാമവാസികള്‍.
2002ലെ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് സരസ്വതിയെ വീണ്ടെടുക്കാനുള്ള പരിശ്രമങ്ങള്‍ ഇന്ത്യന്‍ പുരാവസ്തുവകുപ്പ് തുടങ്ങിയത്. എന്നാല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത് നിര്‍ത്തിവയ്പ്പിച്ചു. പിന്നീട് ഹരിയാനയില്‍ കഴിഞ്ഞ വര്‍ഷം ബിജെപി അധികാരത്തിലെത്തിയതോടെ പദ്ധതി വീണ്ടും പുനര്‍ജനിക്കുകയായിരുന്നു.
സരസ്വതി നദിയെ വീണ്ടെടുക്കുന്നതിന് നികുതി പണം ചിലവഴിക്കുന്നുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഹരിയാനയുടെ തീര്‍ത്ഥാടക ടൂറിസം വികസനത്തില്‍ നരസ്വതി നദിയുടെ പുനര്‍ജ്ജനി വലിയ ഊര്‍ജ്ജമാകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഗട്ടര്‍ പറഞ്ഞു.
50 കോടി രൂപയാണ് നദിയെ കണ്ടെത്തുന്ന പ്രയത്‌നത്തിനായി സര്‍ക്കാര്‍ നീക്കി വച്ചിരുന്നത്.
സപ്തനദികളില്‍ നാലാം സ്ഥാനത്തുള്ള നദിയാണ് സരസ്വതി. ഹൈന്ദവ വിശ്വാസപ്രകാരം നദി ബ്രഹ്മാവിനെ പ്രതിനിധികരിക്കുന്നു.
ഏകദേശം 4000 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ അതിശക്തമായ ഭൂചലനങ്ങള്‍ കാരണം സരസ്വതി അടുത്തുള്ള യമുനാ നദിയില്‍ ചേരുകയോ അല്ലെങ്കില്‍ താര്‍ മരുഭൂമിയില്‍ അപ്രത്യക്ഷമാവുകയോ ചെയ്തുവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
ഐഎസ്ആര്‍ഒയുടെ ജോധ്പൂരില്‍ ഉള്ള റിമോട്ട് സെന്‍സിംഗ് സര്‍വീസ് സെന്ററിന്റെ സഹായത്തോടുകൂടി അപ്രത്യക്ഷമായ സരസ്വതീ നദിയുടെ പഴയ സ്ഥാനം കണ്ടെത്തുന്നതില്‍ നേരത്തെ വിജയം കണ്ടിരുന്നു.
സരസ്വതീ നദി അളകനന്ദയുമായി സംഗമിയ്ക്കുന്ന സ്ഥാനം കേശവ് പ്രയാഗ് എന്നാണ് അറിയപ്പെടുന്നത്. വിശുദ്ധ ക്ഷേത്ര നഗരിയായ ബദരീനാഥില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയുള്ള മനാ എന്ന സ്ഥലത്ത് പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും ഇരമ്പത്തോടെ പുറത്തേയ്ക്ക് വരുന്ന സരസ്വതീ നദി കാണാന്‍ സാധിയ്ക്കും. ഇതിനു മുന്‍പേയുള്ള നദീഭാഗമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
കേശവപ്രയാഗില്‍ നിന്നുള്ള സരസ്വതി നദിയുടെ വീഡിയൊ കാണുക-
Discussion about this post