വാഷിംഗ്ടണ്‍: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ നിര്‍ദ്ദേശം. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നത് നവംബറോടെ അവസാനിപ്പിക്കണമെന്നാണ് കര്‍ശന നിര്‍ദേശം. ഇതു പാലിക്കാത്ത രാജ്യങ്ങള്‍ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും യുഎസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇറാനെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന വാണിജ്യ ഉപരോധം ഇന്ത്യ, ചൈന കമ്പനികള്‍ക്കും ബാധകമാണെന്നും അവര്‍ക്കു മാത്രമായി യാതൊരു ഇളവും നല്‍കാനാവില്ലെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് പറഞ്ഞു. ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയും ചൈനയുമാണ്.
ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിയുടെ അളവ് ഇപ്പോള്‍ മുതല്‍ ഈ രാജ്യങ്ങള്‍ കുറച്ചു തുടങ്ങണം. നവംബര്‍ നാലോടെ ഇറക്കുമതി പൂര്‍ണമായി അവസാനിപ്പിക്കണമെന്നും യുഎസ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് പറഞ്ഞു. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാറില്‍നിന്നു പിന്മാറി 180 ദിവസം പൂര്‍ത്തിയാകുന്ന നവംബര്‍ 4 മുതല്‍ ഇറാനെതിരേ ഉപരോധം നിലവില്‍ വരുമെന്നും യുഎസ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഇന്ത്യയുമായി അടുത്താഴ്ച നടക്കാനിരിക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ അമേരിക്ക ഈ ആവശ്യം ഉന്നയിക്കുമെന്നാണു സൂചന.
അതേസമയം ഇറാനുമായുള്ള വാണിജ്യബന്ധം തുടരുമെന്ന് യുഎസ് സഖ്യകക്ഷികളായ ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഊര്‍ജം, ബാങ്കിങ്, വ്യോമയാനം, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളിലുള്ള തങ്ങളുടെ കമ്പനികള്‍ക്ക് ഇളവു നല്‍കണമെന്ന് ഈ രാജ്യങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. അമേരിക്കന്‍ നിലപാടിനെ മറികടന്നുള്ള തീരുമാനങ്ങള്‍ എടുത്ത് ഇന്ത്യ ചേരിചേരാ നിലപാട് ശക്തമാക്കിയിരുന്നു. ഇറാന് അടുത്ത വാണിജ്യ പങ്കാളിയാണെന്ന നിലപാടാണ് ഇന്ത്യക്കുള്ളത്.
Discussion about this post