In Facebook-
റഷ്യയില്‍ അവസാന വിസിലിന് ഈ ദിവസം ബാക്കി. സോച്ചിയില്‍, സ മാറയില്‍, കസാന്‍ അരീനയില്‍, ലുഷ്നിക്കില്, സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ലോകം പന്തുതട്ടി നടന്ന ദിനരാത്രങ്ങള്‍ അവസാനിക്കുന്നു. വാഴാന്‍ ഉറച്ചു വന്നവര്‍ പലരും വളരെ നേരത്തെ മടക്ക വണ്ടി കയറി. താരരാജാക്കന്മാര് തല കുമ്പിട്ടു യാത്രയായി.. റഷ്യയില്‍ പുതിയ വിസ്മയങ്ങളുടെ കൊടിയേറ്റം. ലയണല്‍ മെസിയും ക്രിസ്ത്യാനോ റൊണാള്‍ഡോയും നെയ്മര്‍ ജൂനിയറും നിശ്ശബ്ദരായപ്പോള് ലോകം പുതിയ കുളമ്പടി കേള്‍ക്കുകയാണ് … ഈഡന് ഹസാര്‍ഡ് , കിലിയന്‍ എംബാപ്പെ, ലൂക്കാസ് മോഡ്രിച്ച്, ഹാരി കെയ്ന്‍ …
ഇന്നലെ രാത്രി മൂന്നാമനെ കണ്ടെത്താനുള്ള പോര്‍മുഖം. ബല്‍ജിയത്തിന് രണ്ട് ഗോള്‍ ജയം. കൗണ്ടര്‍ അറ്റാക്കിന്റെ വേഗതയും സൗന്ദര്യവും ഒത്തിണങ്ങിയ ബല്‍ജിയം മുന്നേറ്റങ്ങള്‍….തോമസ് മുനിയറും ഈഡന് ഹസാഡും സൃഷ്ടിച്ച ഗോളിളക്കത്തിന്റെ ആരവങ്ങളേക്കാള്‍ ആവേശമുണ്ടായിരുന്നു ആല്ഡര്വീല്സിന്റെ ആ ഗോള്‍ ലൈന്‍ സേവിന്. സമനിലയിലേക്കും അതുവഴി വിജയത്തിലേക്കും മുന്നേറാനുള്ള ഇംഗ്ളീഷ് താരം എറിക്ക് ഡയറിന്റെ സ്വപ്നതുല്യമായ നീക്കത്തിനിടയിലേക്കാണ് അയാള്‍ പൊടുന്നനെ പൊട്ടിവീണത്. മൂന്ന് ബല്‍ജിയം താരങ്ങളെ ഡ്രിബിള്‍ ചെയ്ത പെനാല്‍ട്ടി ബോക്സിന്റെ ഇടം മൂലയിലൂടെ അകത്തേക്ക് കയറിയ ഡയര്‍ ബല്‍ജിയം ഗോളിയെയും മറികടന്ന് പന്ത് വലയിലേക്ക് പായിച്ചു. കോച്ച് ഗാരേത് സൗത്ത്ഗേറ്റ് ഗോള്‍ എന്ന് ആര്‍ത്തുവിളിച്ചു. കമന്ററി ബോക്സിലും ഗാലറിയിലും ഗോളിളക്കത്തിന്റെ തിരമാലകള്‍ ഉയര്‍ന്നു. എന്നിട്ടും എറിക് ഡയര്‍ തല കുമ്പിട്ടു നിന്നു. ലക്ഷ്യത്തിനും ഡയറിനുമിടയില് ആ മരണവരയിലേക്ക് അപ്പോള്‍ മാത്രം ആ നിമിഷത്തില്‍ മാത്രം പറന്നിറങ്ങിയ ആല്ഡര്വീല്സിന്റെ വിസ്മയിപ്പിക്കുന്ന സേവിന് മുന്നില്‍ ഇംഗ്ളണ്ട് പകച്ചു നിന്നു. ടോബിയാസ് ആല്‍ബര്‍ടൈന്‍ മൗറിറ്റ്സ് ആല്ഡര്വീല്സ് ആ നിമിഷത്തില്‍ ബല്‍ജിയത്തിന്റെ രക്ഷകനായി അവരോധിക്കപ്പെട്ടു.
തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും കളമൊഴിയാം .. ഇനി നാലാണ്ടിനപ്പുറം ഖത്തറില്‍ കളിമുഴക്കം..
https://www.facebook.com/satheesh.madhav.50/posts/2064260200491451
Discussion about this post