മഞ്ജുദാസ്
പൂരൈട്ച്ചി തലൈവി ജയലളിതയുടെ മരണത്തോടെ തമിഴകരാഷ്ട്രീയത്തിന്റെ കാലാവസ്ഥ മാറി തുടങ്ങിയിരുന്നു. ഇപ്പോള്‍ കലൈഞ്ജര്‍ കൂടി വിടവാങ്ങിയതോടെ ദ്രാവിഡ മണ്ണ് പുതിയ രാഷ്ട്രീയ പിറവികള്‍ക്കും, മുന്നേറ്റങ്ങള്‍ക്കുമായി കാത്തിരിക്കുകയാണ്.
അണ്ണാ ഡിഎംകെ-ഡിഎംകെ ശക്തികളുടെ ഏറ്റുമുട്ടലില്‍ രണഭേരിയുയര്ത്തിയിരുന്ന തമിഴക രാഷ്ട്രീയം ദശകങ്ങള്‍ക്ക് ശേഷം പുതിയ കക്ഷികള്‍ക്ക് കൂടി കടന്നെത്താന്‍ മനസ് തുറന്നിട്ടിരിക്കുന്നു. രണ്ട് പ്രമുഖ നേതാക്കളുടെ വിയോഗം കൊണ്ട് ഉറുതു മറിഞ്ഞ മണ്ണില്‍ പുതിയ വിത്തിറക്കാന്‍ കാത്തു നില്ക്കുന്ന സ്റ്റൈല്‍ മന്നന് രജനിയിലും, ഉലകനായകന് കമലഹാസനിലുമാണ് ഇനി തമിഴകത്തിന്റെ പ്രതീക്ഷ. പുതിയ പാര്‍ട്ടികളുമായി ഇരു നേതാക്കളും പടയോട്ടത്തിനെത്തുമ്പോള് എഡിഎകെയും, ഡിഎംകെയും ശിഥീലീകരണത്തിന്റെ വഴിയിലേക്ക് വീണു പോകുമോ എന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യന്‍ രാഷ്ട്രീയം.
സ്റ്റാലിന്, അഴഗിരി, കനിമൊഴി-ഡിഎംകെ
കരുണാനിധിയുടെ വിയോഗം അധികാരം സ്വപ്നം കണ്ട് മുന്നോട്ടു പോകുന്ന ഡിഎംകെയെ എങ്ങനെ ബാധിക്കുമെന്നത് തമിഴ് രാഷ്ട്രീയത്തിലെ ഏറ്റവും വില കൂടിയ ചോദ്യമാണ്. നിലവില്‍
തന്റെ പിന്‍ഗാമിയായി മകന് സ്റ്റാലിനെ വാഴിച്ചിട്ടാണ് കരുണാനിധി മണ്ണടിഞ്ഞത്. കരുണാനിധി അദ്ധ്യക്ഷപദവിയിലായിരിക്കെ തന്നെ സ്റ്റാലിന് വര്‍ക്കിംഗ് പ്രസിഡന്റായി. പിതാവ് രോഗശയ്യയിലായപ്പോള്‍ കാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് സ്റ്റാലിനായിരുന്നു. ഇപ്പോഴത്തെ പാര്‍ട്ടി സംവിധാനത്തില്‍ സ്റ്റാലിന് അടുത്ത പ്രസിഡന്റാകും. എന്നാല്‍ ഡി.എം.കെയ്ക്ക് അപ്പുറത്ത് സ്റ്റാലിന് ജനപ്രീതി ഇല്ല എന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകും. കരുണാനിധിയെ പോലെ ആള്‍ക്കൂട്ടത്തെ കയ്യിലെടുക്കാനുള്ള മാസ്മരവിദ്യയൊന്നും സ്റ്റാലിനില്ല. തമിഴകത്ത് അത്തരമൊരു ജാലവിദ്യ കൈവശമില്ലാതെ മുന്നോട്ടു പോകാനും എളുപ്പമല്ല. ചോദ്യം ചെയ്യപ്പെടാതെ സ്വന്തം പാര്‍ട്ടിക്കകത്ത് പോലും സ്റ്റാലിന് തുടരാനാവില്ല എന്ന് കൂടി കണക്കിലെടുക്കുമ്പോള്‍ സ്റ്റാലിന് ഏറെയൊന്നും മുന്നോട്ട് പോകാനാവില്ല.
സഹോദരനായ അഴഗിരിയും, സഹോദരിയായ കനിമൊഴിയുമാണ് സ്റ്റാലിന് വെല്ലുവിളി ഉയര്‍ത്തുക. കരുണാനിധി ജീവിച്ചിരിക്കെ തന്നെ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ അഴഗിരിയുടെ നീക്കങ്ങള്‍ ഡിഎംകെയില്‍ നിര്‍ണായകമാകും. സ്റ്റാലിന്റെ ഈ മൂത്തസഹോദരന് താന്‍ രാഷ്ട്രീയത്തിലേക്ക് വീണ്ടും വരുന്നുവെന്ന് പ്രഖ്യാപിച്ചത് കരുണാനിധിയുടെ മരണത്തിന് ആഴ്ചകള്‍ക്ക് മുമ്പാണ്. സ്റ്റാലിന്റെ കടന്ന് വരവിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ 2014ലാണ് അഴഗിരി പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയത്.
രാജ്യസഭാംഗമായ കനിമൊഴിയാണ് മറ്റൊരു വെല്ലുവിളി. മകന് ഉദയനിധി മാരനെ നേതൃത്വത്തിലേക്കു കൊണ്ടുവരാനുള്ള സ്റ്റാലിന്റെ ശ്രമങ്ങള്‍ക്കെതിരെ മുറുമുറുപ്പ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.ഇതിനിടെ ഇനിയും സ്റ്റാലിന്റെ മേല്‍ക്കോയ്മ അംഗീകരിച്ച് കനിമൊഴി മുന്നോട്ട് പോകുമോ എന്നാണ് അണികള്‍ക്കിടയില്‍ നിന്ന് തന്നെ ഉയരുന്ന ചോദ്യം. മൂന്ന് അധികാരകേന്ദ്രങ്ങളായി ഡിഎംകെ മുന്നോട്ട് പോയാല്‍ പാര്‍ട്ടിയുടെ പതനം വൈകില്ല എന്നാണ് വിലയിരുത്തല്‍.
പലതായ് എഐഎഡിഎംകെ
ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെ നാഥനില്ലാത്ത അവസ്ഥയിലേക്ക് വീണ് പോയിരുന്നു. ജയലളിതയുടെ പിന്‍ഗാമിയാവാന്‍ ശ്രമിച്ച ശശികല അഴിമതി കേസില്‍ ജയിലിലാണ്. ടിവി ദിനകരന് ഉള്‍പ്പടെ ശശികല പക്ഷം പാര്‍ട്ടിയില്‍ കലാപക്കൊടിയുയര്‍ത്തി മുന്നോട്ട് പോവുന്നു. മറു ചേരിയില്‍ മുഖ്യമന്ത്രി എടപ്പാടി പളനിച്ചാമിയും, മുന്‍ മുഖ്യമന്ത്രി പനീര്‍ ശെല്‍വവുമാണ്. ആ വിഭാഗത്തിന്റെ നേതൃത്വം ആര്‍ക്കെന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് ഇനിയും പരിഹാരമായില്ല. എഐഎഡിഎകെയുടെ ദുരവസ്ഥ മുതലെടുക്കാന്‍ ഇതുവരെ ഡിഎംകെയ്ക്ക് കഴിയാത്ത് മാത്രമായിരുന്നു അവരുടെ ആശ്വാസം.
രജനി വരുന്നു ആത്മീയരാഷ്ട്രീയത്തിന്റെ കരുത്തുമായി, ഒപ്പം കമലും
സൂപ്പര്‍ താര രാഷ്ട്രീയത്തെ ഹൃദയത്തിലേറ്റിയ തമിഴകത്ത് ഇനി രജനിയുഗമാണോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. കരുണാനിധിയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ വെളുത്ത വസ്ത്രം ധരിച്ചെത്തിയ രജനികാന്തിന്റെ ഓരോ ചലനത്തിലും രാഷ്ട്രീയം വായിക്കുകയാണ് തമിഴകം. പുതിയ പാര്‍ട്ടി രൂപീകരണവുമായി രജനി മന്‍ട്രം തിരക്കിട്ട പ്രവര്‍ത്തനത്തിലാണ്.
മക്കള്‍ നീതിമെയ്യവുമായി കമല്‍ഹാസനും സജീവമാണ്. ഇരുവരും തനത് വഴിയേ പോകുമോ..അതൊക്കെ ഒരുമിച്ച് നില്‍ക്കുമോ എന്ന ചോദ്യവും പ്രസ്ക്തമാണ്.
എല്ലാം മുതലാക്കാന്‍ ബിജെപി
തമിഴകത്തെ രാഷ്ട്രീയനീക്കങ്ങള്‍ ഏറെ ശ്രദ്ധയോടെ വീക്ഷിക്കുകയാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും. ഏത് തരത്തിലുള്ള നീക്കവും ബിജെപിയ്ക്ക് നേട്ടമാക്കാനുള്ള അണിയറ നീക്കങ്ങള്‍ സജീവം. ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയെ പിന്നില്‍ നിന്ന് നയിക്കുന്നത് ബിജെപിയാണ് എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഡിഎംകെയുമായി അധികാരം പങ്കിട്ട ചരിത്രമുള്ള ബിജെപിയോട് സ്റ്റാലിന് പക്ഷേ എതിര്‍പ്പുണ്ട്.
കരുണാനിധിയുടെ സംസ്കാരചടങ്ങുകള്‍ മറീന ബീച്ചില്‍ നടത്താന്‍ അനമതി നിഷേധിച്ച സാഹചര്യം ഉണ്ടാക്കിയത് ബിജെപിയാണെന്നായിരുന്നു സ്റ്റാലിന് ആരോപിച്ചിരുന്നത്. ഡിഎംകെയില്‍ ഉണ്ടാകുന്ന എതിര് ശബ്ദങ്ങള്‍ക്ക് പിന്നില്‍ ബിജെപി ചരട് വലിക്കുമോ എന്ന ആശങ്ക സ്റ്റാലിനുണ്ടാകും.ദേശീയതയോട് ചേര്‍ന്നു നില്ക്കുന്ന ആത്മീയ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന രജനി ബിജെപിയോട് അടുക്കുമെന്ന വിലയിരുത്തലുകളുണ്ട്. മോദിയോട് താല്പര്യമുള്ള നേതാവാണ് അദ്ദേഹം.
ഡിഎംകെയിലെ ശൈഥില്യങ്ങള് മുതലെടുക്കാന്‍ കമലഹാസന്റെ പാര്‍ട്ടിക്ക് കഴിഞ്ഞേക്കും, കരുണാനിധി മു്ന്നോട്ട് വെച്ച നിരീശ്വര നിലപാടുകളും നയങ്ങളുമാണ് കമല്‍ പിന്തുടരുന്നത്. ദ്രാവിഡ രാഷ്ട്രീയം പല കക്ഷികളായി ചിതറുന്നത് ദേശീയ പാര്‍ട്ടികളില്‍ ബിജെപിക്കാണ് ഏറെ ഗുണം ചെയ്യുക. സംസ്ഥാനത്ത് ബിജെപി ഈയിടെ രാഷ്ട്രീയ വളര്‍ച്ച നേടിയിട്ടുണ്ട്.
Discussion about this post