അടൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി കത്തയച്ച സുവിശേഷ പ്രാസംഗികന്
അറസ്റ്റിലായി. വയനാട് കൃഷ്ണഗിരി സ്വദേശി എന്‍.ഡി.തോമസ് എന്നയാളാണ് അറസ്റ്റിലായത്. അടൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.
മോദി കേരളത്തില്‍ എത്തിയാല്‍ കൊല്ലാന്‍ ചാവേറുകളെ നിയോഗിച്ചിട്ടുണ്ടെന്നായിരുന്നു കത്തിലെ ഭീഷണി. അടൂര്‍ ബി.ജെ.പി ഓഫീസില്‍ കത്ത് ലഭിച്ചതിനെ തുടര്‍ന്നാണ് ബി.ജെ.പി നേതാക്കള്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ആരാണ് കത്തയച്ചതെന്ന് വ്യക്തമല്ലായിരുന്നു.വയനാട്ടില്‍ നിന്നാണ് കത്തയച്ചതെന്ന് കത്തിലെ മുദ്രയില്‍ നിന്ന് വ്യക്തമായി. കത്തിലെ ഒരു പരാമര്‍ശമാണ് തോമസിനെ കുടുക്കിയത്. മോദിയെ കൊല്ലാതിരിക്കണമെങ്കില്‍ ഡബ്ളിയു. ഒ. എം. ബി. സിയില്‍ അംഗമാവൂ എന്ന് എഴുതിയിരുന്നു. ഈ സംഘടന സുവിശേഷകരുടേതാണ്. അങ്ങനെയാണ് അന്വേഷണം തോമസിലേക്ക് നീണ്ടത്. സംഭവത്തിനുശേഷം ഇടുക്കി,വയനാട് ജില്ലകളില്‍ ഒളിവില്‍ കഴിഞ്ഞ തോമസിനെ ഇന്നലെ വയനാട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. കത്തയക്കാന്‍ കാരണമെന്തെന്ന് കൃത്യമായ വിവരം കിട്ടിയിട്ടില്ല.കോടതിയില്‍ ഹാജരാക്കിയ തോമസിനെ റിമാന്റ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
Discussion about this post