സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണബാങ്കിനെയും ഒന്നാക്കി ലയിപ്പിച്ച് കേരളാ ബാങ്ക് രൂപീകരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം പാളുന്നു. ബാങ്ക് രൂപീകരണത്തിന് വേണ്ടി റിസര്‍വ്വ് ബാങ്കിനയച്ച അപേക്ഷക്ക് ഇതുവരെ റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിയിട്ടില്ല. 2017 സെപ്റ്റംബര്‍ 19നാണ് പിണറായി സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചത്. നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് വിവരാവകാശ നിയമപ്രകാരം ഓഗസ്റ്റ് 16ന് നല്‍കിയ മറുപടിയില്‍ റിസര്‍വ്വ് ബാങ്ക് അറിയിച്ചു. മറുപടിയില്‍ കേരളാ ബാങ്ക് എന്ന പദം ഉപയോഗിക്കാതിരുന്നതും ശ്രദ്ധേയമാണ്.
അതേസമയം സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ലെന്നു കേരള സര്‍ക്കാര്‍ അറിയിച്ചതായും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങളെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതിനെ കേരള സര്‍ക്കാര്‍ എതിര്‍ക്കുന്നത്.
കേരള ബാങ്കിന്റെ പ്രഖ്യാപനം ഓഗസ്റ്റ് 17ന് മുമ്പായി നടത്താന്‍ സാധിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജൂലായ് മാസത്തില്‍ അറിയിച്ചിരുന്നു. ബാങ്ക് രൂപീകരണം സംബന്ധിച്ച് നബാര്‍ഡ് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ റിസര്‍വ്വ് ബാങ്ക് ചില സംശയങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഈ സംശയങ്ങല്‍ ദൂരീകരിക്കാന്‍ കഴിയുമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ബാങ്ക് രൂപീകരണം സംബന്ധിച്ച് നബാര്‍ഡിന് ചില ഉപാധികളുണ്ട്. നഷ്ടത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കും ലാഭത്തിലുള്ള ജില്ലാ ബാങ്കുകളും ലയിക്കുമ്പോള്‍ അന്തിമഫലം നഷ്ടമാണെന്ന് നബാര്‍ഡ് വ്യക്തമാക്കുന്നു. ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നേരിട്ടു സാമ്പത്തിക സഹായം നല്‍കണമെന്നും നബാര്‍ഡ് പറയുന്നു. ലയന ശേഷം ആറുമാസത്തിനുള്ളില്‍ നിക്ഷേപകരുടെ അടിസ്ഥാന വിവരങ്ങള്‍ (കെവൈസി) ലഭ്യമാക്കണമെന്നും നബാര്‍ഡ് ചൂണ്ടിക്കാട്ടി. എന്നാല്‍ ജില്ലാ ബാങ്കുകളില്‍ 30 ശതമാനത്തില്‍ താഴെ നിക്ഷേപങ്ങള്‍ക്കു മാത്രമാണു കെവൈസിയുള്ളത്.
ജില്ലാ ബാങ്കുകള്‍ക്ക് കേരളത്തില്‍ 802 ശാഖകളാണുള്ളത്. കേരളാ ബാങ്ക് രൂപീകരിച്ച് കഴിഞ്ഞാല്‍ ഒരു ജില്ലയില്‍ 20 ശാഖകള്‍ മാത്രമേ ഉണ്ടാവുകയുള്ളു. ബാങ്ക് രൂപീകരണം സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് ഇക്കാര്യം ശുപാര്‍ശ ചെയ്തത്. ഈ നിര്‍ദേശം നടപ്പാക്കിയാല്‍ സംസ്ഥാനത്തെ അഞ്ഞൂറോളം ശാഖകള്‍ അടച്ചുപൂട്ടേണ്ടിവരും.
ബാങ്ക് രൂപീകരണം നീളുന്നതിനിടയിലും സംസ്ഥാന- ജില്ലാ സഹകരണ ബാങ്കുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഈ വര്‍ഷം തുടക്കം മുതല്‍ പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നുള്ളത് മറ്റൊരു വസ്തുതയാണ്. പരിശീലനം പൂര്‍ത്തിയാക്കാന്‍ തന്നെ ജില്ലാ ബാങ്കുകള്‍ കോടികള്‍ മുടക്കേണ്ടിവരും.
Discussion about this post