‘മീ ടൂ’ വിഷയത്തില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നടത്തിയ അഭിപ്രായത്തിനെതിരെ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. മോഹന്‍ലാല്‍ ‘മീ ടൂ’ പോലൊരു വിഷയത്തില്‍ കുറച്ച് കൂടി ജാഗ്രതയും കരുതലും പുലര്‍ത്തേണ്ടതുണ്ടതായുണ്ടെന്ന് പ്രകാശ് രാജ് പറഞ്ഞു. എന്നാല്‍ മോഹന്‍ലാല്‍ തന്റെ അഭിപ്രായം മനഃപൂര്‍വം പറഞ്ഞതാണെന്ന് താന്‍ കരുതുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
‘മീ ടൂ’ എന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന് മോഹന്‍ലാല്‍ മുന്‍പ് പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു. ചൊവ്വയില്‍ നിന്നും വന്നവര്‍ക്ക് പീഡനത്തെപ്പറ്റി പറഞ്ഞാല്‍ മനസ്സിലാവില്ലെന്ന് മോഹന്‍ലാലിന്റെ അഭിപ്രായത്തെ വിമര്‍ശിച്ച് നടി രേവതി പറഞ്ഞിരുന്നു.
മോഹന്‍ലാല്‍ വളരെ സെന്‍സിബിളും സെന്‍സിറ്റീവുമായ ഒരു വ്യക്തിയാണെന്ന് പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. ‘മീ ടൂ’ എന്നുള്ളത് ഒരു അതിശക്തമായ പ്രസ്ഥാനമാണെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് ശക്തി പകരുന്ന ഒരു പ്രവര്‍ത്തനമാണിതെന്നും താനും മറ്റുള്ളവരും പലപ്പോഴും അറിഞ്ഞോ അറിയാതെയോ ഇരപിടിയന്മാരാവുന്നുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുമ്പോള്‍ മറ്റുള്ളവര്‍ നിശ്ശബ്ദത പാലിച്ചാല്‍ അവരും കുറ്റവാളികള്‍ക്കൊപ്പമാവുകയാണെന്ന് പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.
സ്ത്രീ അനുഭവിക്കുന്ന വേദനയും മുറിവും യഥാര്‍ത്ഥമായ ഒന്നാണെന്നും അത് കാണാതെ പോകരുതെന്നും പ്രകാശ് രാജ് പറഞ്ഞു. ‘മീ ടൂ’ പോലൊരു പ്രസ്ഥാനത്തിന്റെ ആഴവും പരപ്പും നമ്മള്‍ മനസ്സിലാക്കുക തന്നെ വേണമെന്നും പ്രകാശ് രാജ് പറഞ്ഞു.
Discussion about this post