സമൂഹത്തില്‍ സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കാശി, മഥുര, അയോധ്യ എന്നീ പുണ്യ സ്ഥലങ്ങള്‍ ഹൈന്ദവര്‍ക്കു വിട്ടു നല്കാന് മുസ്ലീം സമുദായത്തോട് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാള്‍ ആവശ്യപ്പെട്ടു. സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന ഇസ്ലാമികതയ്ക്ക് താന്‍ എതിരല്ലെന്നും ജിഹാദി ഇസ്ലാമികതയോട് മാത്രമാണ് തന്റെ എതിര്‍പ്പെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ ഇസ്ലാമിക പുരോഹിതന്മാര് ഈ സ്ഥലങ്ങള്‍ തിരികെ നല്കാന് തയ്യാറായതാണ്. എന്നാല്‍ മുസ്ലീം സമുദായത്തിലെ ജിഹാദി സംഘങ്ങളാണ് അതിന് അനുവദിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്ങ് പങ്കെടുത്ത ഒരു പരിപാടിയല്‍ സംസാരിക്കുകയായിരുന്നു അശോക് സിംഗാള്‍.
ലോകത്തില്‍ സമാധാനത്തോടെ ജീവിക്കാന്‍ ഏവരും ആഗ്രഹിക്കുമ്പോള്‍ അത് സാധ്യമാകാന്‍ ജിഹാദികള്‍ അനുവദിക്കുന്നില്ല. പാക്കിസ്ഥാനില്‍ മാസങ്ങള്‍ക്ക് മുമ്പുണ്ടായ സ്ഫോടനത്തില്‍ 50 ഷിയ വിഭാഗക്കാരായ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. പ്രവാചകന്റെ പിന്തുടര്ച്ചക്കാരാണ് അവരും എന്ന് അശോക് സിംഗാള്‍ ഓര്‍മ്മപ്പെടുത്തി. സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ജിഹാദില്‍ നിന്ന് ഒഴഞ്ഞു നില്‍ക്കാനും രാജ്യ പുരോഗതിക്കായി മുഖ്യധാരയിലിറങ്ങി പ്രവര്‍ത്തിക്കാനും അദ്ദേഹം മുസ്ലീം സമുദായാംഗങ്ങളോട് ആവശ്യപ്പെട്ടു.
Discussion about this post