തമിഴ്നാട്ടില്‍ പൊങ്കല്‍ അവധിക്ക് തമിഴ് ബോക്സ് ഓഫീസില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെയും അജിത്തിന്റെയും സിനിമകള്‍ ബോക്സ് ഓഫീസില്‍ കൊമ്പ് കോര്ക്കുന്നതായിരിക്കും. രജനീകാന്തിന്റെ ‘പേട്ട’യും അജിത്തിന്റെ ‘വിശ്വാസ’വും പൊങ്കല്‍ സീസണിലാണ് റിലീസ് ആകുന്നത്.
ഇരുചിത്രങ്ങളുടെയും ട്രെയിലറുകള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ‘വിശ്വാസ’ത്തിന്റെ ട്രെയിലറില്‍ ‘പേട്ട’യെ വെല്ലുവിളിക്കുന്ന രീതിയിലുള്ള ചില ഡയലോഗുകളുമുണ്ട്. ഭാര്യയോടും കുട്ടികളോടും വൈകാരികതയുള്ളവര്‍ ഇവിടുന്ന ഓടി പോകാന്‍ ‘പേട്ട’ ട്രെയിലറിന്റെ അവസാന ഭാഗത്ത് രജനി അവതിരിപ്പിക്കുന്ന കഥാപാത്രം പറയുന്നുണ്ട്. താന്‍ കൊലപാതകം നടത്താന്‍ പോവുകയാണെന്നും രജനിയുടെ കഥാപാത്രമായ കാളി പറയുന്നുണ്ട്. അതേസമയം തന്റെ പേര് തൂക്കുദുരൈ എന്നാണെന്നും താന്‍ തേനി ജില്ലയിലെ കൊടുവുലര്പട്ടിയില് നിന്നും വരുന്നുവെന്നും ‘വിശ്വാസ’ത്തിന്റെ ട്രെയിലറിന്റെ അവസാന ഭാഗത്ത് അജിത്തിന്റെ കഥാപാത്രം പറയുന്നു. തന്റെ ഭാര്യയുടെ പേര് നിരഞ്ജന എന്നാണെന്നും മകളുടെ പേര് ശ്വേത എന്നാണെന്നും തന്റെ മുന്നിലേക്ക് നേരിട്ട് വരാനും അജിത്തിന്റെ കഥാപാത്രം പറയുന്നുണ്ട്.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘പേട്ട’ ജനുവരി പത്തിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലനായെത്തുന്നത്. ഇവരെ കൂടാതെ സിമ്രാന്, തൃഷ, ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
അതേസമയം ശിവയാണ് ‘വിശ്വാസം’ സംവിധാനം ചെയ്തിരിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികാ വേഷം ചെയ്തിരിക്കുന്നത്. ഡി.ഇമ്മനാണ് ചിത്രത്തിന്റെ സംഗീതം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ജനുവരി പതിനാലിന് തീയ്യേറ്ററുകളില്‍ എത്തുന്നതായിരിക്കും.
Discussion about this post