റാഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒപ്പിടാതിരുന്നത് കമ്മീഷന് കിട്ടാഞ്ഞത് മൂലമാണെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് പറഞ്ഞു. ഈ നടപടി രാഷ്ട്ര സുരക്ഷയെ അവഗണിച്ചുകൊണ്ടുള്ള ഒന്നായിരുന്നുവെന്നും നിര്‍മ്മലാ സീതാരാന്‍ കുറ്റപ്പെടുത്തി.
കരാറില്‍ എച്ച.എ.എല്ലിന് ഓഫ്സെറ്റ് പങ്കാളിത്തം ലഭിക്കാതിരുന്നതില്‍ കോണ്‍ഗ്രസ് മുതലക്കണ്ണീരാണ് ഒഴുക്കുന്നതെന്നും എച്ച്.എ.എല്ലിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കോണ്‍ഗ്രസ് ഒന്നും തന്നെ ചെയ്തില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം ബി.ജെ.പി നേതൃത്വം നല്കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ ഒരു ലക്ഷം കോടി രൂപ വരുന്ന കരാറുകള്‍ എച്ച്.എ.എല്ലിന് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
എന്‍.ഡി.എ സര്‍ക്കാര്‍ രാഷ്ട്ര സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും റാഫേല്‍ കരാറില്‍ യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചത് 18 വിമാനങ്ങളായിരുന്നുവെന്നും എന്‍.ഡി.എ സര്‍ക്കാര്‍ ഈ സംഖ്യ 36 ആക്കി വര്‍ധിപ്പിച്ചുവെന്നും നിര്‍മ്മലാ സീതാരാമന് പറഞ്ഞു.
കള്ളം ഒളിപ്പിച്ചെന്ന രാഹുലിന്റെ ആരോപണത്തിന് വികാരാധീനയായാണ് നിര്‍മലാ സീതാരാമന് മറുപടി നല്‍കിയത്. പാര്‍ലമെന്റിന് പുറത്ത് പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിക്കുകയും അകത്തെത്തി കെട്ടിപ്പിടിക്കുകയും സീറ്റില്‍ ചെന്നിരുന്ന് കണ്ണിറുക്കുകയും ചെയ്യുന്നതു പോലുള്ള തമാശയല്ല ഇത്. ഇത്തരം ആരോപണങ്ങളുന്നയിക്കാന്‍ രാഹുലിന് എന്തവകാശം? പ്രധാനമന്ത്രിയും താനും സാധാരണ കുടുംബങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്നവരാണ്. ഇങ്ങനെ സംസാരിക്കാന്‍ രാഹുലിന് അവകാശമില്ല നിര്‍മലാ സീതാരാമന് ആരോപിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുമായി സംസാരിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം കള്ളമാണെന്നും നിര്‍മലാ സീതാരാമന് ആരോപിച്ചു.
നിര്‍മലാ സീതാരാമന് പറഞ്ഞ കരാറിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്-
ഓരോ വിമാനത്തിനും 737 കോടി രൂപയാണ് അവരുടെ വില. നമുക്ക് കിട്ടുന്നത് 670 കോടിക്ക്. ഇത് ലാഭമാണ്.
36 വിമാനങ്ങള്‍ നിര്‍മിക്കാന്‍ സാധാരണ വേണ്ട സമയത്തിലും അഞ്ച് മാസം മുന്‍പേ കിട്ടും., യുപിഎയേക്കാളും മികച്ച കരാറാണ് എന്‍ഡിഎയുടേത്,
പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ ഇടപെടുന്നത് സാധാരണം മാത്രമെന്നും നിര്‍മ്മലാ സീതാരാമന് പറഞ്ഞു.
റഫാല്‍ ഇടപാടില്‍ താന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ മാത്രമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. നിര്‍മലാ സീതാരാമനോ മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറോ ഇതില്‍ പങ്ക് പറ്റിയെന്ന് കരുതുന്നില്ല. അനില്‍ അംബാനി കരാറിലെങ്ങനെ എത്തിയെന്നാണ് എന്റെ അടിസ്ഥാനചോദ്യം. വിമാനങ്ങളുടെ അടിസ്ഥാനവില പോലുള്ള കാര്യങ്ങളല്ല താന്‍ ഉന്നയിക്കുന്നത്. എങ്ങനെ അനില്‍ അംബാനി കരാറിലെത്തിയെന്ന ഒരു വിവരവും പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രിയോ പറയുന്നില്ല. പ്രധാനമന്ത്രിയുടെ കള്ളം ഒളിപ്പിക്കുകയാണ് പ്രതിരോധമന്ത്രി ചെയ്യുന്നതെന്ന് രാഹുല്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് ആദ്യത്തെ റാഫേല്‍ വിമാനം 2019ല്‍ ലഭിക്കും. അതേസമയം 36 വിമാനങ്ങളിലെ അവസാന വിമാനം 2022ല്‍ ലഭിക്കുന്നതായിരിക്കും.
Discussion about this post