സ്വപ്ന പദ്ധതി എന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന കേരളാ ബാങ്ക് പദ്ധതിയില്‍ സര്‍ക്കാരിന് കേന്ദ്രത്തിന്റെ വക തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്. പുതിയ ഉപാധികളുമായി നബാര്‍ഡ് രംഗത്തെത്തി. ഇവ നടപ്പാക്കുകയാണെങ്കില്‍ കേരളാ ബാങ്കിന്റെ നിയന്ത്രണം ഇടത് പാര്‍ട്ടികള്‍ക്ക് നഷ്ടമായേക്കും.
സംസ്ഥാനത്തെ എല്ലാ പ്രാധമിക സഹകരണ സംഘങ്ങള്‍ക്കും കേരളാ ബാങ്കില്‍ വോട്ടവകാശം നല്‍കണമെന്ന ഉപാധിയാണ് നബാര്‍ഡ് പുതുതായി മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതുവഴി കേരളാ ബാങ്കിന്റെ നിയന്ത്രണം ഇടത് പാര്‍ട്ടികള്‍ക്ക് ലഭിക്കാതെയാകും. റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കൊപ്പം ഇതുള്‍പ്പെടെയുള്ള മൂന്ന് അധിക നിബന്ധനകളാണ് നബാര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാണ് കേരളാ ബാങ്ക് രൂപവത്കരിക്കാനിരിക്കുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളെ കേരളാ ബാങ്കില്‍ വോട്ടവകാശമുള്ള അംഗങ്ങളാക്കുന്നതായിരിക്കും. ഇതിന് പുറമെയാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും വോട്ടവകാശം നല്‍കണമെന്ന് നബാര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഭൂരിഭാഗം സഹകരണ ബാങ്കുകളും ഇടതുമുന്നണിയുടെ നിയന്ത്രണത്തിലിരിക്കവെ സഹകരണ സംഘങ്ങള്‍ മിക്കതും ഇടത് പാര്‍ട്ടികളുടെ നിയന്ത്രണത്തിലല്ല.
സംസ്ഥാനത്ത് 1,609 പ്രാഥമിക സഹകരണ ബാങ്കുകളാണുള്ളത്. മറ്റ് സംഘങ്ങള്‍ 10,115 എണ്ണമാണ്.
Discussion about this post