നോട്ടുകളില്‍ ബീഫിന്റെ അംശമുണ്ടെന്ന ആരോപണവുമായി ഹിന്ദു സംഘടനകള്‍ പ്രതിഷേധമറിയിച്ചു. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. ഓസ്ട്രേലിയയിലെ കറന്‍സി നോട്ടുകളില്‍ പശുവിറച്ചിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഘടകം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നത്. ഇത് മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ഹിന്ദു സംഘടനകള്‍ വ്യക്തമാക്കി.
ഓസ്ട്രേലിയയിലെ പോളിമര്‍ കറന്‍സി നോട്ടുകളില്‍ പശുവിന്റെയും ആടിന്റെയും ഇറച്ചിയില്‍ നിന്ന് ഉദ്പാദിപ്പിക്കുന്ന ‘ടാലോ’ എന്ന ഘടകം അടങ്ങിയിട്ടുണ്ടെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് മുന്‍പ് ബ്രിട്ടനിലെ കറന്‍സികളിലും ‘ടാലോ’ അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് പ്രതിഷേധം ഉയര്‍ന്നിരുന്നു.
‘ടാലോ’ ഉപയോഗിക്കുന്നത് നോട്ടുകള്‍ അടുക്കി വെക്കുമ്പോള്‍ തെന്നി വീഴാതിരിക്കാനും ഘര്‍ഷണം മൂലം വൈദ്യുതോര്‍ജ്ജം ഉണ്ടാകാതിരിക്കാനും സഹായിക്കും. ഇറക്കാനിരിക്കുന്ന 20, 100 ഡോളറുകളുടെ കറന്‍സിയില്‍ ‘ടാലോ’യുടെ ഉപയോഗം ഒഴിവാക്കണമെന്ന് അമേരിക്ക ആസ്ഥാനമായ യൂണിവേഴ്സല്‍ സൊസൈറ്റി ഒഫ് ഹിന്ദുയിസം എന്ന സംഘടന ആവശ്യപ്പെട്ടു. ഇക്കാര്യം ഓസ്ട്രേലിയന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറോട് സംഘടന പ്രസിഡന്റ് രാജന് സെദ് അറിയിച്ചിട്ടുമുണ്ട്.
ബീഫ് ഹൈന്ദവ വിശ്വാസത്തിന് എതിരാണെന്നും ഹൈന്ദവ വിശ്വാസ കേന്ദ്രങ്ങളില്‍ ഇതിന് പ്രവേശനമില്ലെന്നും രാജന് സെദ് പറയുന്നു. ‘ടാലോ’ അടങ്ങിയ നോട്ടുകളുടെ ഉത്പാദനം നിരുത്തരവാദിത്തപരമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post