സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് ബി.സി.സി.ഐ വിലക്കിയ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയുടെയും കെ.എല്‍.രാഹുലിന്റെയും വിലക്ക് പിന്‍വലിച്ചു. സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് വിലക്ക് പിന്‍വലിച്ചത്. ഇതോടെ ഹാര്‍ദിക് പാണ്ഡ്യ ന്യൂസിലാന്‍ഡില്‍ നടക്കുന്ന പരമ്പരയുടെ ഭാഗമാകും. അതേസമയം കെ.എല്‍.രാഹുല്‍ തിരുവനന്തപുരത്ത് ഇംഗ്ലണ്ട് ലയണ്‍സിനെതിരെ നടക്കുന്ന മത്സരത്തിന്റെ ഭാഗമാകും.
ക്രിക്കറ്റ് താരങ്ങള്‍ മോശമായി പെരുമാറുന്ന വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ബി.സി.സി.ഐ ഓംബുഡ്സ്മാനാണെന്ന് സുപ്രീം കോടതിയുടെ കമ്മിറ്റി നിരീക്ഷിച്ചു. എന്നാല്‍ ഓംബുഡ്സ്മാന്റെ നിയമനം ഇപ്പോഴും നടന്നിട്ടില്ലെന്നും കമ്മിറ്റി പറഞ്ഞു. ഇത് മൂലമാണ് വിലക്ക് പിന്‍വലിച്ചതെന്നും കമ്മിറ്റി വ്യക്തമാക്കി.
മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ സുബ്രഹ്മണ്യം കേസില്‍ നിന്നും പിന്മാറിയതിന് പിറകെ അമികസ് ക്യൂരിയായി പി.എസ്.നരസിംഹന് നിയമിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഉപദേശ പ്രകാരമാണ് വിലക്ക് പിന്‍വലിച്ചത്.
ടി.വി പരിപാടിയായ ‘കോഫി വിത്ത് കരണി’ല്‍ ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍.രാഹുലും സ്ത്രീ വിരുദ്ധ പരാമര്‍ശനം നടത്തിയെന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്ന് ഇരുവര്‍ക്കും അനിശ്ചിതകാലത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
Discussion about this post