തൃണമൂല്‍ കോണ്‍ഗ്രസ്സിന്റേയും ബി.ജെ.പി.യുടേയും ഭീഷണി മറികടക്കാന്‍ പശ്ചിമബംഗാളില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യമുണ്ടാക്കേണ്ടിവരുമെന്ന് സി.പി.എം. നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ ഗൗതം ദേബ്. വര്‍ഗീയശക്തിയായ ബി.ജെ.പി.യും തൃണമൂല്‍ കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടുവരികയാണെന്ന് ഗൗതംദേബ് ചൂണ്ടിക്കാട്ടി.സംസ്ഥാനതലത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍ത്തന്നെയുള്ള പരിതസ്ഥിതി കണക്കിലെടുക്കുമ്പോള്‍ ഇത്തരം സഹകരണത്തിന് സാധ്യയേറെയാണ് ദേബ് പറഞ്ഞു.ബി.ജെ.പി.ക്കെതിരെ മതേതരകൂട്ടായ്മയെന്ന നിലയ്ക്കാണ് ദേബ് കോണ്‍ഗ്രസ്- ഇടത് സഖ്യത്തിന് ആഹ്വാനം നല്‍കുന്നത്.
നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനും ഇടതു പാര്‍ട്ടികള്‍ക്കും ഒറ്റയ്ക്കൊറ്റയ്ക്ക് തൃണമൂലിനെതിരെ ചെറുത്തുനില്‍ക്കാനാവില്ല. വോട്ടുകള്‍ പല പാര്‍ട്ടികള്‍ക്കായി ഭിന്നിച്ചുപോകുന്നത് തൃണമൂലിന് ഗുണംചെയ്യുന്നുമുണ്ട്. അതിനാല്‍ സഖ്യമുണ്ടാക്കി തൃണമൂലിനെ പടിപടിയായി ദുര്ബലപ്പെടുത്തണമെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗം നേരത്തെ തന്നെ വാദം ഉയര്‍ത്തിയിരുന്നു.
എന്നാല്‍ ഗൗതം ദേബിന്റെ അഭിപ്രായത്തോട് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് തീരേ യോജിപ്പില്ല. മുന്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് അടക്കമുള്ള ചില നേതാക്കള്‍ ഇതിനെ എതിര്‍ക്കുന്നവരാണ്. .കോണ്‍ഗ്രസ്സുമായുള്ള സഖ്യം ഇപ്പോള്‍ ആലോചനയിലില്ലെന്നും അത്തരം കാര്യങ്ങള്‍ ആലോചിക്കാന്‍ ഇനിയും ഏറെ സമയമുണ്ടെന്നുമാണ് പാര്‍ട്ടി സംസ്ഥാനസെക്രട്ടറി സൂര്യകാന്ത മിശ്ര പ്രതികരിച്ചത്.
ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കുന്നതിനെപ്പറ്റി കോണ്‍ഗ്രസ്സിലും എതിരഭിപരായങ്ങളുണ്ട്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പലതിലും അവരുടെ പ്രധാന എതിരാളി ഇടതുപക്ഷം തന്നെയാണ്.
Discussion about this post