ഡല്‍ഹി: ഐപിഎല്‍ വാത് വെപ്പ് ഒത്ത് കളി സംബന്ധിച്ച് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരേയുള്ള കേസില്‍ ഡല്‍ഹി വിചാരണ കോടതി വിധി പറയുന്നത് മാറ്റി. അടുത്തമാസം 25നാണ് മക്കോക്ക ചുമത്തുന്നതു സംബന്ധിച്ച കേസില്‍ കോടതി വിധി പറയുക.
.
ഐപിഎല്‍ വാതുവയ്പിനെ കുറിച്ച് അന്വേഷിച്ച ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്ലിന്റെ കുറ്റപത്രത്തിന്മേലുള്ള വിചാരണ നേരത്തെ പൂര്‍ത്തിയായിരുന്നു. ഡല്‍ഹിയിലെ പട്യാലഹൗസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി നീന ബന്‍സാല്‍ ആണ് വിധി പ്രഖ്യാപിക്കുക.
രാജസ്ഥാന് റോയല്‍സ് ടീമംഗങ്ങളായ ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന് എന്നിവരെയും കൂടാതെ അധോലോക നേതാക്കളായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ എന്നിവരടക്കം 42 പേരാണു പ്രതിപ്പട്ടികയിലുള്ളത്.
2013 മേയ് ഒന്പതിനു മൊഹാലിയില്‍ കിംഗ്സ് ഇലവന് പഞ്ചാബുമായി നടന്ന മല്‍സരത്തില്‍ വാതുവയ്പുകാരുടെ നിര്‍ദേശപ്രകാരം തന്റെ രണ്ടാം ഓവറില്‍ പതിനാലു റണ്‍സിലേറെ വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് ശ്രമിച്ചുവെന്നാണു ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍. ശ്രീശാന്ത് അടക്കമുള്ളവര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് ഇതിനു പോലീസ് തെളിവായി ഹാജരാക്കിയിട്ടുള്ളത്. ദാബൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ തുടങ്ങിയ അധോലോക സംഘാംഗങ്ങളാണു വാതുവയ്പ് നിയന്ത്രിച്ചിരുന്നതെന്നു ഡല്‍ഹി പോലീസ് സമര്‍പ്പിച്ച ആറായിരം പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ പറയുന്നു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ വകുപ്പുകളും വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുമാണു പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.
Discussion about this post