ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാകിസ്ഥാന് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. പരിക്കേറ്റ ശിഖര്‍ ധവാന് പകരം ഓള് റൗണ്ടര്‍ വിജയ് ശങ്കര്‍ കളിക്കും. രോഹിത് ശര്‍മ്മയ്ക്കൊപ്പം കെ.എല്‍ രാഹുലായിരിക്കും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. ലോകകപ്പില്‍ വിജയ് ശങ്കറിന്റെ അരങ്ങേറ്റ മത്സരമാണിത്.
ഇന്ത്യയുടെയും പാകിസ്ഥാന്റെയും ആരാധകര്‍ ഒരുപോലെ കാത്തിരുന്ന മത്സരത്തിന് പക്ഷേ മഴ ഭീഷണി നിലനില്ക്കുന്നു. എങ്കിലും കളി നടക്കും എന്ന് തന്നെയാണ് പ്രതീക്ഷ. എന്നാല്‍ ആരാധകരുടെ നെഞ്ചിടിപ്പേറ്റി കഴിഞ്ഞ ദിവസവും മാഞ്ചസ്റ്ററില്‍ മഴ പെയ്തിരുന്നു.
ഇത് ഏഴാം തവണയാണ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ ആറ് തവണയും വിജയം ഇന്ത്യക്ക് ഒപ്പം നിന്നു. വിജയം പിടിച്ചെടുക്കാന്‍ പാകിസ്ഥാനും വിട്ടുകൊടുക്കാതിരിക്കാന്‍ ഇന്ത്യയും പോരാടുന്നതോടെ മത്സരം കനക്കും എന്നുറപ്പ്.
Discussion about this post