ലൈംഗീക പീഡനക്കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ.അതേസമയം ബിനോയിയെ ജാമ്യാപേക്ഷയില്‍ വിധി വരും വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പറഞ്ഞു .കൂടാതെ യുവതിയുടെ അഭിഭാഷകന് വാദങ്ങള്‍ എഴുതി നല്‍കുകയും ചെയ്തു.
മുംബൈ ദിന്‍ഡോഷി കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നും ബിനോയിയുടെ അഭിഭാഷകന് വാദിച്ചു.
അതേസമയം ബിനോയ്ക്ക് ജാമ്യം നല്‍കുന്നതിന് പ്രോസിക്യൂഷന് എതിര്‍ത്തു. ബിനോയ്്ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. ബിനോയ്ക്കെതിരെ തെളിവ് നല്‍കുമെന്നും യുവതി അറിയിച്ചു.ബിനോയ്ക്ക് ജാമ്യം നല്കിയാല് രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും, ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.
വിസാ രേഖകളും, പാസ്പോര്‍ട്ട്, ബാങ്ക് രേഖകളും യുവതി കോടതിയില്‍ ഹാജരാക്കി.യുവതിയ്ക്കും കുട്ടിയ്ക്കും ബിനോയ് കോടിയേരി ടൂറിസ്റ്റ് വിസ സ്വന്തം മെയിലില്‍ അയച്ച് നല്‍കിയതിന്റെ രേഖകളാണ് യുവതി സമര്‍പ്പിച്ചത്. അന്ധേരിയില്‍ താമസിച്ചതിന്റെ ഉള്‍പ്പടെ തെളിവുകള്‍ പോലിസ് ശേഖരിച്ചിരുന്നു.
ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ ഡിഎന്‍എ പരിശോധന വേണമെന്ന നിലപാടില്‍ മുംബൈ പോലിസ്. കുട്ടിയുടെ പിതാവ് ബിനോയ് ആണെന്ന യുവതിയുടെ നിലപാട് ശക്തമാണെന്നാണ് പോലിസ് നിഗമനം. ബിനോയ് ഇത് നിഷേധിക്കുന്ന സാഹചര്യത്തില്‍ ഡിഎന്‍എ ടെസ്റ്റ് അനിവാര്യമാണെന്നാണ് മുംബൈ പോലിസ് കരുതുന്നത്.
ബിനോയിക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായും യുവതിയുടെ രഹസ്യമൊഴി വൈകാതെ രേഖപ്പെടുത്തുമെന്നും പൊലീസ് വക്താവ് മഞ്ജുനാഥ് സിന്‍ഗെ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ തെളിവുകള്‍ യുവതിയുടെ കുടുംബം ഇന്നു കോടതിക്കു കൈമാറുമെന്നും സൂചനയുണ്ട്. ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റ് വൈകില്ലെന്നു മുംബൈ പൊലീസ് പറയുന്നു.
ബിനോയിക്കായി കേരളത്തില്‍ നടത്തിയ തിരച്ചില്‍ വിഫലമായതോടെയാണു തിരച്ചില്‍ നോട്ടിസ് ഇറക്കിയത്. അന്വേഷണവുമായി കേരള പൊലീസ് സഹകരിച്ചെന്നു വക്താവ് അറിയിച്ചു.
അതിനിടെ, ബിനോയിയുടെയും മകന്റെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തി പരാമര്‍ശങ്ങളോടെ പ്രചരിപ്പിച്ചതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. ചെയര്മാന് പി.സുരേഷ് ഡിജിപിയോടു റിപ്പോര്‍ട്ട് തേടി. തന്റെ കുടുംബം കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നതായി ബിനോയിയുടെ ഭാര്യ ഡോ.അഖില പരാതി നല്‍കിയിരുന്നു.
Discussion about this post