ഡൽഹി: ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു ആശംസകൾ അറിയിച്ചു.
ടീം ഇന്ത്യ രാജ്യത്തിന്റ അഭിമാനമാണെന്നും രാജ്യമെമ്പാടും നീലപ്പടയുടെ വിജയത്തിൽ ആഘോഷിക്കുകയാണെന്നും ഇന്ത്യൻ കോച്ച് രവിശാസ്ത്രിക്കും നായകൻ വിരാട് കോഹ്ലിക്കും ഇന്ത്യൻ ടീമിനും അയച്ച സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ടീമിന്റെ സമർപ്പണവും കഴിവും ഒത്തൊരുമയും ആത്മവിശ്വാസവും അഭിനന്ദനീയമാണെന്നും അദ്ദേഹം അറിയിച്ചു. ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി കെ ഖന്ന മുഖേനയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.
ഇന്ത്യൻ ടീമിന് ലോകകപ്പ് നേടാൻ കഴിയുമെന്ന് തനിക്ക് ശുഭപ്രതീക്ഷയുള്ളതായും മന്ത്രി പറഞ്ഞു.
സെമി ഫൈനലും ഫൈനലും കടന്ന് കപ്പുമായി ഇന്ത്യ വരുന്നതും കാത്ത് ലക്ഷക്കണക്കിന് ആരാധകർ ഇവിടെ കാത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമി ഫൈനലിൽ കടന്നത്. എട്ട് മത്സരങ്ങളിൽ നിന്നായി 13 പോയിന്റുകൾ നേടി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ടീം ഇന്ത്യ. ജൂലൈ ആറിന് ലീഡ്സിൽ ശ്രീലങ്കയുമായാണ് ഇന്ത്യയുടെ അവസാന ലീഗ് മത്സരം.
Discussion about this post