ലണ്ടൻ: പാകിസ്ഥാൻ ഓൾ റൗണ്ടർ ഷോയിബ് മാലിക് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ലോകകപ്പിൽ പാകിസ്ഥാൻ സെമി കാണാതെ പുറത്തായതിന് പിന്നാലെയാണ് മാലിക് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ബംഗ്ലാദേശിനെതിരായ വിജയത്തിന് ശേഷം ട്വിറ്ററിലൂടെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്.
ഈ ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്നും എട്ട് റൺസ് മാത്രമായിരുന്നു മാലിക്കിന്റെ സമ്പാദ്യം. മാഞ്ചസ്റ്ററിൽ ഇന്ത്യയ്ക്കെതിര നടന്ന മത്സരത്തിന് ശേഷം അദ്ദേഹം ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.
287 ഏകദിന മത്സരങ്ങളിൽ നിന്നായി 34.55 ശരാശരിയിൽ 9 സെഞ്ചുറിയും 44 അർദ്ധസെഞ്ചുറികളും സഹിതം 7534 റൺസ് മാലിക് നേടിയിട്ടുണ്ട്. 158 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 1999ൽ വെസ്റ്റിൻഡീസിനെതിരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ഷോയിബ് മാലിക്കിന്റെ 20 വർഷത്തെ കരിയറിനാണ് ഇന്നലെ ലോർഡ്സിൽ തിരശ്ശീല വീണത്.
ബംഗ്ലാദേശിനെതിരായ മത്സരവിജയത്തിന് ശേഷം പാക് ടീമംഗങ്ങള്‍ ഷോയിബ് മാലിക്കിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയിരുന്നു.
‘ഇന്ന് ഞാന്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കുകയാണ്. സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാധ്യമസുഹൃത്തുക്കള്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും നന്ദി പറയുന്നു. സർവ്വോപരി എന്റെ ആരാധകർക്കും’. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Discussion about this post