ഡൽഹി: ലോകകപ്പിന് ശേഷമുള്ള വെസ്റ്റിൻഡീസ് പര്യടനത്തിലെ നിയന്ത്രിത ഓവർ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ രോഹിത് ശർമ്മ നയിക്കുമെന്ന് സൂചന. വിരാട് കോഹ്ലിയും ജസ്പ്രീത് ബുമ്രയുമടക്കമുള്ള താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്ന സാഹചര്യത്തിലാണ് ഇത്. ടെസ്റ്റ് പരമ്പരയിലും കോഹ്ലി കളിച്ചില്ലെങ്കിൽ അജിങ്ക്യ രഹാനെയാകും ഇന്ത്യയെ നയിക്കുക.
പര്യടനത്തിൽ മഹേന്ദ്രസിംഗ് ധോണി കളിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ലോകകപ്പോടെ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വെന്റി ട്വെന്റികളും അടങ്ങുന്നതാണ് പര്യടനം. ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യൻ ടീം മടങ്ങിയെത്തിയ ശേഷമാകും ടീമിനെ തിരഞ്ഞെടുക്കുക.
ആഗസ്റ്റ് മൂന്ന് മുതലാണ് ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനം ആരംഭിക്കുക. പരമ്പരയിലെ ആദ്യ ട്വെന്റി-ട്വെന്റി മത്സരം ഫ്ലോറിഡയിലാണ് നടക്കുക. ടെസ്റ്റ് പരമ്പര ആഗ്സ്റ്റ് 22 മുതൽ ആരംഭിക്കും. ഏകദിന ലോകകപ്പിന് ശേഷമുള്ള എല്ലാ ടെസ്റ്റ് മത്സരങ്ങളും അന്താരാഷ്ട്ര ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായാകും നടക്കുക.
Discussion about this post