എച്ച്.എസ് പ്രണോയ് എന്ന മലയാളി, മൂന്നാം വട്ടവും ചൈനീസ് വൻമതിൽ ചാടിക്കടന്നിരിക്കുന്നു! ലോക ബാഡ്മിന്റനിലെ സൂപ്പർ താരമായ ചൈനീസ് താരം ലിൻ ഡാനെ കീഴടക്കി പ്രണോയ് ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിൽ കടന്നു. ഒരു മണിക്കൂറും രണ്ടു മിനിറ്റും നീണ്ട പോരാട്ടത്തിൽ 21–11, 13–21, 21–7 ന് ആണ് പ്രണോയിയുടെ ജയം.
രണ്ടാം ഗെയിമില്‍ ലിന്‍ ഡാന്‍ തിരിച്ച് വന്നു. അറ്റാക്കിങ് ഷോട്ടുകളുമായി കളംനിറഞ്ഞ ലിന്‍ ഡാന്‍ 13 നെതിരെ 21 പോയിന്റുകള്‍ നേടി ഗെയിം പിടിച്ചു.നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ ചൈനീസ് താരത്തെ നിലം തൊടാന്‍ അനുവദിച്ചില്ല പ്രണോയ്. മികച്ച പ്രതിരോധത്തിലൂടെ ലിന്‍ഡാനെ പരീക്ഷിച്ച പ്രണോയ് വെല്ലുവിളികളില്ലാതെ മുന്നേറി
ലിൻ ഡാനെതിരെ അഞ്ചു മത്സരങ്ങളിൽ പ്രണോയിയുടെ മൂന്നാം ജയമാണിത്. ലിൻ ഡാനെതിരെ പരസ്പര പോരാട്ടങ്ങളിൽ മുൻതൂക്കമുള്ള രണ്ട് ഇന്ത്യൻ താരങ്ങളിൽ ഒരാളായി ഇതോടെ പ്രണോയ്.
പ്രണോയിയുടെ പരിശീലകനും ഓൾ ഇംഗ്ലണ്ട് ഓപ്പൺ മുൻ ചാംപ്യനുമായ പുല്ലേല ഗോപീചന്ദാണ് ആദ്യത്തെയാൾ. ലിൻ ഡാനെതിരെ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണമാണ് ഗോപീചന്ദ് ജയിച്ചത്.
ഇന്ത്യൻ താരങ്ങളിൽ ബി. സായ്പ്രണീതും ഇന്നലെ ജയിച്ചു പ്രീ–ക്വാർട്ടറിലെത്തി. ദക്ഷിണ കൊറിയയുടെ ഡോങ് ക്യീൻ ലീയെയാണ് പ്രണീത് തോൽപിച്ചത് (21–16,21–15). സമീർ വർമ സിംഗപ്പുരിന്റെ ലോ കീൻ യൂവിനോടു തോറ്റു പുറത്തായി (21–15, 15–21,10–21). വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ–സിക്കി റെഡ്ഡി സഖ്യം വാക്കോവർ കിട്ടി മൂന്നാം റൗണ്ടിലെത്തി.
Discussion about this post